ന്യൂഡല്‍ഹി : നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതി നിര്...
ന്യൂഡല്‍ഹി : നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതി നിര്‍ദേശം നല്‍കിയതിന്‍പ്രകാരം നല്‍കിയ അപേക്ഷയാണ് വിദേശകാര്യമന്ത്രാലയം തള്ളിയത്. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന കാരണമാണ് പ്രധാനമായും കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെടാന്‍ കോടതി നിര്‍ദേശിച്ച പ്രകാരം പ്രതിനിധികളുടെ പേരുകള്‍ ഉള്‍പ്പെട്ട അപേക്ഷ ആക്ഷന്‍ കൗണ്‍സില്‍ കൈമാറുകയും ചെയ്തു. ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന ആവശ്യവും ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചു. ഇതാണ് ഇപ്പോള്‍ നിരസിക്കപ്പെട്ടത്.
അതേസമയം, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Key Words: The Central Government, Permission, Nimishapriya Action Council,Yemen


COMMENTS