Kerala Chief Minister Pinarayi Vijayan inaugurated the construction of the twin tunnel connecting Kozhikode-Wayanad districts
സ്വന്തം ലേഖകന്‍
താമരശ്ശേരി: കേരളം ഏറെ പ്രതീക്ഷയോടെ കാണുന്ന കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയാണിത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും തുരങ്കപാതയെന്നു മുഖ്യമന്ത്രി പറഞ്ഞു.
തുരങ്കപാത ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ 2016നു ശേഷം ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി. ദേശീയ പാത വികസനവും ഗെയില്‍ പദ്ധതിയും ഉദാഹരണമാണ്.
വ്യാപാര, വാണിജ്യ, ടൂറിസം മേഖലകള്‍ക്കു തുരങ്കപാത കുതിപ്പേകും. വയനാട്ടിലെ ജനതയുടെ ദീര്‍ഘകാല സ്വപ്നം സഫലീകരിക്കപ്പെടുകയാണ്. കേരളത്തില്‍ എവിടെ നോക്കിയാലും കിഫ്ബി പദ്ധതികളാണ്. തൊണ്ണൂറായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബി ഏറ്റെടുത്തിട്ടുണ്ട്. 50 വര്‍ഷം കാത്തിരുന്നാലും നടക്കാത്ത പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വിവിധ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വിജയന്‍ പറഞ്ഞു.
കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്ന ഘട്ടത്തിലാണ് തുരങ്കപാതാ പദ്ധതി ഏറ്റെടുത്തതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തറക്കല്ലിടുന്നതോടെ പദ്ധതി നിലച്ചുപോകരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
നാടാകെ സ്വപ്നം കണ്ട പദ്ധതിയാണ് കോഴിക്കോട്-വയനാട് തുരങ്കപാതയെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Summary: Kerala Chief Minister Pinarayi Vijayan inaugurated the construction of the twin tunnel connecting Kozhikode-Wayanad districts, which is highly anticipated by Kerala.
COMMENTS