A 26-year-old woman, who collapsed while participating in a Home Guard recruitment drive in Bihar's Gaya district, was gang-raped in moving ambulance
പട്‌ന: ബീഹാറിലെ ഗയ ജില്ലയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കവേ കുഴഞ്ഞുവീണ 26 കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓടുന്ന ആംബുലന്‍സില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
ബോധ് ഗയയിലെ ബീഹാര്‍ മിലിട്ടറി പൊലീസ് ഗ്രൗണ്ടില്‍ നടന്ന ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിനുള്ള ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെയടുള്ള ഓട്ടമത്സരത്തിനിടെ സ്ത്രീ ബോധരഹിതയായി വീണു. ഉടന്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സംഘാടകര്‍ ഏര്‍പ്പാട് ചെയ്തു.
അബോധാവസ്ഥയിലായിരുന്നപ്പോള്‍ ആംബുലന്‍സില്‍ വച്ച് ഒന്നിലധികം പേര്‍ തന്നെ ബലാത്സംഗം ചെയ്തതായി സ്ത്രീ ആരോപിച്ചു. യുവതിയുടെ മൊഴിയെ തുടര്‍ന്ന് ബോധ് ഗയ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വിഷയം അന്വേഷിക്കാന്‍ ബോധ് ഗയ എസ്ഡിപിഒ സൗരഭ് ജയ്സ്വാളിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇതിനു പുറമേ ഫോറന്‍സിക് സംഘത്തെയും നിയോഗിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാറിനെയും ഒപ്പമുണ്ടായിരുന്ന ടെക്നീഷ്യന്‍ അജിത് കുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. രണ്ടുപേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ വാഹനത്തിന്റെ റൂട്ടും സമയക്രമവും സ്ഥിരീകരിക്കുന്നുണ്ടെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ആനന്ദ് കുമാര്‍ അറിയിച്ചു.
താന്‍ അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമേ അറിയൂവെന്നും യുവതി പറഞ്ഞു. ആംബുലന്‍സില്‍ മൂന്നോ നാലോ പുരുഷന്മാര്‍ തന്നെ ബലാത്സംഗം ചെയ്തതായി പിന്നീട് പോലീസിനെയും ആശുപത്രി അധികൃതരെയും അവര്‍ അറിയിച്ചു.
ഇതിനിടെ ഈ സംഭവം ബീഹാറില്‍ രാഷ്ട്രീയ ആയുധവുമാക്കുകയാണ്. സംഭവത്തില്‍ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എംപി ചിരാഗ് പാസ്വാന്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞിട്ടുണ്ട്. ബീഹാറിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ച പാസ്വാന്‍, സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനത്തെ ചോദ്യംചെയ്യുകയും ചെയ്തു.
'കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്ന ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. ഇതു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ വളരെ മോശമായിരിക്കും. ജനങ്ങളുടെ ജീവിതം വച്ചു സര്‍ക്കാര്‍ കളിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
'കൊലപാതകം, ബലാത്സംഗം, കൂട്ടബലാത്സംഗം, കവര്‍ച്ച, കവര്‍ച്ച, മോഷണം, പൂവാലശല്യം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര സംസ്ഥാനത്ത് ഒന്നിനുപുറകെ ഒന്നായി നടക്കുന്നുണ്ട്. നടപടികളും അറസ്റ്റുകളും നടന്നിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്? ഭരണകൂടം കുറ്റവാളികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയാണ്,' ഭരണ മുന്നണിയിലെ അംഗമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പ്രതികള്‍ക്കെതിരെ വേഗത്തിലുള്ള വിചാരണയും നിയമനടപടിയും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
Summary: A 26-year-old woman, who collapsed while participating in a Home Guard recruitment drive in Bihar's Gaya district, was gang-raped in a moving ambulance while being taken to hospital.
COMMENTS