Ahead of his meeting with Russian President Vladimir Putin, Prime Minister Narendra Modi spoke to Ukrainian President Volodymyr Zelensky over phone
അഭിനന്ദ്
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു. റഷ്യ- ഉക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ട ഇടത്ത് മോഡി വിജയിക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
കീവ്-മോസ്‌കോ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൈകുന്നേരം അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുടിനെ പ്രേരിപ്പിക്കാന്‍ മോഡിക്കു കഴിഞ്ഞാല്‍ നയതന്ത്ര തലത്തിലും ആഗോള തലത്തിലും അത് ഇന്ത്യയ്ക്കു വലിയ നേട്ടമാകും. റഷ്യന്‍ എണ്ണ വാങ്ങി ഇന്ത്യ യുദ്ധത്തിനു ഫണ്ട് ചെയ്യുന്നുവെന്നാണ് ട്രംപിന്റെ ആക്ഷേപം. പുടിനെ അലാസ്‌കയില്‍ എത്തിച്ച് സമാധാനത്തിന് ട്രംപ് നടത്തിയ നീക്കം വിജയിച്ചതുമില്ല. ആ സ്ഥാനത്താണ് മോഡി സെലന്‍സ്‌കിയുമായി സംസാരിച്ചതിനു ശേഷം പുടിനെ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ എന്തെങ്കിലും ചെറിയ നീക്കുപോക്കുണ്ടായാല്‍ പോലും അതു ട്രംപിന് സഹിക്കാനാവുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ടിയാന്‍ജിനില്‍ മോഡിയും പുടിനും എത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തുന്നതിന് മുമ്പാണ് ഇരു നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം നടന്നത്.
പ്രധാനമന്ത്രി സെലെന്‍സ്‌കിക്ക് മോഡി നന്ദി പറഞ്ഞു. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണയ്ക്കുമുള്ള ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ നിലപാട് മോഡി ആവര്‍ത്തിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ന്യൂഡല്‍ഹി ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നുണ്ട്. ഈ മാസം ആദ്യം, യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം അടിസ്ഥാന താരിഫും 'റഷ്യന്‍ എണ്ണ വാങ്ങുന്നതിന്' 25 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചു. ഇതു നിലവില്‍ വരികയും ചെയ്തു.
ഇതേസമയം, ചൈനയും യൂറോപ്പും റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നുണ്ട്. ഇതിനു നേരേ കണ്ണടയ്ക്കുന്ന അമേരിക്കയുടെ കാപട്യത്തെ ഇന്ത്യ ലോകത്തിനു മുന്നില്‍ വിളിച്ചുപറയുന്നതും ട്രംപിനെ പ്രകോപിപ്പിക്കുന്നുണ്ട്.
യൂറോപ്പ് ഇപ്പോഴും റഷ്യന്‍ വാതകം വാങ്ങുന്നു. യുഎസ് ഇപ്പോഴും റഷ്യന്‍ യുറേനിയം ഇറക്കുമതി ചെയ്യുന്നു. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യ ആഗോള പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കി എന്നും ന്യൂഡല്‍ഹി അടിവരയിടുന്നു. ലോകത്തിന് ആവശ്യമുള്ള എണ്ണയുടെ ഏകദേശം 10 ശതമാനം റഷ്യയാണ് നല്‍കുന്നത്. ഇന്ത്യ വാങ്ങുന്നത് നിര്‍ത്തിയാല്‍ ക്രൂഡ് ഓയില്‍ ബാരലിന് 200 ഡോളറിലെത്താം. എണ്ണയുടെ ഒഴുക്ക് നിലനിര്‍ത്തുന്നതിലൂടെ, ഇന്ത്യ വിപണികളെ സ്ഥിരപ്പെടുത്തുകയും ആഗോള പൗരന്മാരെ സഹായിക്കുകയും ചെയ്തുവെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇതിനിടെ, ട്രംപിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതിരുന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഫോണ്‍ കോള്‍ എടുക്കാന്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി മെനക്കെട്ടില്ലെന്നത് അമേരിക്കയ്ക്കാകെ നാണക്കേടായിരിക്കുകയുമാണ്.
കഴിഞ്ഞ ആഴ്ചകളില്‍ പ്രധാനമന്ത്രി മോഡിയെ പലതവണ ട്രംപ് വിളിച്ചുവെന്നും എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും ഒരു ജര്‍മ്മന്‍ പത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. ഈ റിപ്പോര്‍ട്ട് ശരിയാണെന്നു വെളിവാക്കിക്കൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റിനെ മോഡി അവഗണിക്കാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട്.
ഔദ്യോഗികമായി, പ്രധാനമന്ത്രി മോഡിയും ട്രംപും തമ്മിലുള്ള അവസാന ഫോണ്‍ കോള്‍ ജൂണ്‍ 17 നാണ് നടന്നത്. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് പെട്ടെന്ന് വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെയാണ് ആ കോള്‍ നടന്നത്. ജി 7 ഉച്ചകോടിക്കിടെ ട്രംപും മോഡിയും തമ്മിലുള്ള ഒരു ഉഭയകക്ഷി കൂടിക്കാഴ്ച റദ്ദാക്കേണ്ടിവന്നു.
ഫോണ്‍ സംഭാഷണത്തിനിടെ മോഡിയോട് വാഷിംഗ്ടണില്‍ ഇറങ്ങിയ ശേഷം പോകാമെന്നു ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദര്‍ശിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നതിനാല്‍ അഭ്യര്‍ത്ഥന നിരസിച്ചു.
എന്നാല്‍, വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട പാകിസ്ഥാന്‍ പട്ടാളത്തലവന്‍ അസിം മുനീറിനൊപ്പം മോഡിയെ മേശയ്ക്കു മുന്നിലെത്തിക്കാനുള്ള ട്രംപിന്റെ കൗശലമായിരുന്നു ആ ക്ഷണം. മുനീറുമായി ഉച്ചഭക്ഷണത്തിനു മോഡിക്കു താത്പര്യമില്ലായിരുന്നു. അതിനുശേഷമാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായത്. കാര്‍ഷിക, ക്ഷീര മേഖലകള്‍ അമേരിക്കയ്ക്കായി തുറക്കാന്‍ ഇന്ത്യ വിമുഖത കാണിച്ചതിനെ തുടര്‍ന്ന് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുകയും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
വ്യാപാര കരാര്‍ മുന്നോട്ട് പോകാത്തതിനെ തുടര്‍ന്ന്, പ്രകോപിതനായ ട്രംപ് പ്രധാനമന്ത്രി മോഡിയുമായി ബന്ധപ്പെടാന്‍ 'പലതവണ' ശ്രമിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിശയോക്തിക്ക് സാധ്യതയുള്ള ട്രംപ് ചര്‍ച്ചകളുടെ ഫലം എങ്ങനെ തെറ്റായി ചിത്രീകരിക്കുമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാമെന്നാണ് ന്യൂയോര്‍ക് ടൈംസ് പറയുന്നത്.
ട്രംപ് ഏകപക്ഷീയമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് വ്യാപാര സമ്മര്‍ദ്ദം ചെലുത്തി മധ്യസ്ഥത വഹിച്ചതായി മേയ് മാസത്തില്‍ പ്രഖ്യാപിച്ചത് ഇന്ത്യയെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയത്. പിന്നെയും ട്രംപ് അവകാശവാദം ആവര്‍ത്തിച്ചു. വെടിവച്ചിട്ട യുദ്ധവിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് വായില്‍ തോന്നിയ കണക്കുകള്‍ ട്രംപ് വിളിച്ചുപറഞ്ഞു. ഏതു രാജ്യത്തിന്റെ വിമാനമാണ് വീണതെന്നു ട്രംപ് പറഞ്ഞില്ല.
ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയില്‍ മധ്യസ്ഥത വഹിക്കാന്‍ ന്യൂഡല്‍ഹി അനുവദിക്കാത്തതാണ് ട്രംപിന്റെ ഏറ്റവും വലിയ കലിയെന്നാണ് യുഎസ് ധനകാര്യ സേവന കമ്പനിയായ ജെഫ്രീസിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. ഇതിനിടെ, തന്നെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്യണമെന്നു മോഡിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍ തന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തതും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, മോഡി ആ ആവശ്യം കൈയോടെ നിരാകരിച്ചതും ട്രംപിന് കനത്ത ക്ഷീണമായി. അതും പിഴത്തീരുവയ്ക്കു കാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Summary: Ahead of his meeting with Russian President Vladimir Putin, Prime Minister Narendra Modi spoke to Ukrainian President Volodymyr Zelensky over the phone. The world is now watching to see if Modi will succeed where US President Donald Trump failed in ending the Russia-Ukraine war.
COMMENTS