The Congress party leadership has asked Thiruvananthapuram DCC President Palode Ravi to resign based on a controversial phone conversation
തിരുവനന്തപുരം : വിവാദ ഫോൺ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയോട് പാർട്ടി നേതൃത്വം രാജി ചോദിച്ചു വാങ്ങി.
പാലോട് രവിയുടെ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇന്നത്തെ സ്ഥിതിയിൽ പോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്ന് പാലോട് രവി നടത്തിയ പരാമർശത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത് വലിയ വിവാദമായിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുമായി ചർച്ച ചെയ്തശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേരിട്ട് പാലോട് രവിയെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.
എതിർപ്പ് ഒന്നും പ്രകടിപ്പിക്കാതെ തന്നെ പാലോട് രവി രാജിക്കത്ത് കൈമാറുകയും ചെയ്തു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റിലെങ്കിലും ബിജെപി കടന്നുകയറ്റം നടത്തുമെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നുണ്ട്. രാജിക്കത്ത് സ്വീകരിച്ചതിന് പിന്നാലെ വിവാദ സംഭാഷണം ഡിസിസിയുടെ ഫേസ്ബുക്ക് പേജ് വഴി പാർട്ടി തന്നെ പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. തൻറെ ജന്മനാടായ പെരിങ്ങമലയിൽ കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രവി രാജിവെച്ചത്.
അന്ന് പാർട്ടി നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ രവിയോട് നേരിട്ട് രാജി ആവശ്യപ്പെടുകയും ചെയ്തു.
പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. അദ്ദേഹം പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി.
നെടുമങ്ങാട് മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ പാലോട് രവി ചരടുവലിച്ചു എന്നാരോപിച്ചായിരുന്നു പ്രശാന്ത് പാർട്ടി വിട്ടത്.
പ്രശാന്തിന്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടും പാർട്ടി നേതൃത്വം രവിയെ ഡിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു.
രണ്ടാഴ്ചക്കുള്ളിൽ കോൺഗ്രസ് പാർട്ടിയിൽ പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കാൻ ചർച്ച നടക്കുകയാണ്. രവിയുടെ രാജിക്ക് പിന്നാലെ പുതിയ അധ്യക്ഷന് ചുമതല നൽകാത്തത് പുനഃസംഘടന വരാനിരിക്കുന്നതുകൊണ്ടാണ് എന്നാണ് പുറത്തു വരുന്ന വിവരം.
Summary: The Congress party leadership has asked Thiruvananthapuram DCC President Palode Ravi to resign based on a controversial phone conversation .
COMMENTS