Three terrorists who massacred 26 people in Pahalgam are suspected to have been killed in an encounter.
ശ്രീനഗർ : ജമ്മു കശ്മീരിൽ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്ത സംഭവം ആസൂത്രണം ചെയ്ത സുലൈമാൻ ഷാ ഉൾപ്പെടെ മൂന്നു ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
'സൈന്യത്തിന്റെ ചിനാർ കോറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ലിഡ്വാസിൽ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി അറിയിപ്പ് വന്നത്. മഹാദേവ് കൊടുമുടിക്കു സമീപമാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
കൊല്ലപ്പെട്ട മൂന്നുപേരും പാകിസ്ഥാനി പൗരന്മാരാണെന്ന് സുരക്ഷാസേന അറിയിച്ചു. ഈ പ്രദേശത്ത് ഭീകര സാന്നിധ്യമുള്ളതായി രണ്ടു ദിവസം മുൻപ് തന്നെ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഭീകരരിൽ നിന്നുള്ള റേഡിയോ സന്ദേശം പിടിച്ചെടുത്താണ് സേന ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതിനൊപ്പം, ഇവിടെ ആട് മേയ്ക്കാനും മറ്റുമെത്തുന്നവരും ഭീകര സാന്നിധ്യത്തെക്കുറിച്ച് സേനയ്ക്ക് വിവരം നൽകി.
തുടർന്നാണ് വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി പ്രദേശം വളഞ്ഞത്. സേനയുടെ അപ്രതീക്ഷിതമായ മിന്നലാക്രമണത്തിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്ന് ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ട്. പഹൽഗാം കൂട്ടക്കൊലയെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും പാർലമെൻറിൽ ചർച്ച നടക്കുന്ന വേളയിലാണ് മൂന്നു ഭീകരരെ സേന വധിച്ചിരിക്കുന്നത്. 26 പെരെ കൂട്ടക്കൊല ചെയ്ത ഭീകരത പിടികൂടാൻ കഴിയാതിരുന്നത് കേന്ദ്ര സർക്കാരിന് ക്ഷീണമായിരുന്നു.
Summary: Three terrorists who massacred 26 people in Pahalgam are suspected to have been killed in an encounter in Sri Nagar.
COMMENTS