External Affairs Minister S Jaishankar stated in Parliament that there was no US intervention to end Operation Sindoor
അഭിനന്ദ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
വ്യാപാരം വിലക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
'ഏപ്രില്‍ 22 (പഹല്‍ഗാം ആക്രമണം) നും ജൂണ്‍ 17 (വെടിനിര്‍ത്തല്‍) നും ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ ഒരു സംഭാഷണവും നടന്നിട്ടില്ല... ഒരു ഘട്ടത്തിലും വ്യാപാര വിഷയം ആരും സംസാരിച്ചിട്ടില്ല, ഓപറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം തടയാന്‍ ഡല്‍ഹിയെയും ഇസ്ലാമാബാദിനെയും പ്രേരിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ 26 തവണ വ്യാപാര കരാര്‍ വച്ച് ട്രംപ് ഭീഷണി മുഴക്കിയിരുന്നുവെന്ന് കോണ്‍ഗ്രസിലെ ഗൗരവ് ഗൊഗോയ് നേരത്തെ പറഞ്ഞിരുന്നു.
ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി, ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ തുടരുന്ന നിയമവിരുദ്ധ അധിനിവേശം ഒരു ഒത്തുതീര്‍പ്പിലെത്തിക്കാന്‍ 'മധ്യസ്ഥത വഹിക്കാനുള്ള' ട്രംപിന്റെ വാഗ്ദാനവും ഇന്ത്യ നിരാകരിച്ചു. വാസ്തവത്തില്‍, ജൂണ്‍ മധ്യത്തില്‍ അമേരിക്കന്‍ നേതാവുമായി ഒരു ഫോണ്‍ കോളില്‍ പ്രധാനമന്ത്രി മോഡി തന്നെ ഈ സന്ദേശം കൈമാറിയിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരവും വെടിനിര്‍ത്തലും സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
എന്നാല്‍, 'പാകിസ്ഥാനികള്‍ സംസാരിക്കാന്‍ തയ്യാറാണ്' എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്നോട് പറഞ്ഞതായി ജയശങ്കര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം, പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയുമായി ബന്ധപ്പെടുകയും ചെയ്തു.
വിദേശനയം നിയന്ത്രിക്കാന്‍ ഒരു വിദേശ ശക്തിയെ ഇന്ത്യ അനുവദിച്ചുവെന്നു പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ശക്തി 'തകര്‍ക്കപ്പെട്ടു' എന്നും പ്രതിപക്ഷം നടത്തിയ ആരോപണത്തിനു മറുപടി പറയുകയായിരുന്നു ജയശങ്കര്‍.
ജയശങ്കറിന്റെ പ്രസംഗം പ്രതിപക്ഷം ഒന്നിലധികം തവണ തടസ്സപ്പെടുത്തിയപ്പോള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രോഷത്തോടെ എഴുന്നേല്‍ക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് ഇന്ത്യുടെ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും ഇതുപോലെ അടുത്ത 20 വര്‍ഷം അവര്‍ പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളം സ്പീക്കര്‍ നിയന്ത്രിക്കാത്തതിലും അമിത് ഷാ രോഷം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ലെന്നും പൗരന്മാരെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. 'പഹല്‍ഗാമിന് ശേഷം ശക്തവും ദൃഢവുമായ ഒരു സന്ദേശം നല്‍കേണ്ടത് പ്രധാനമായിരുന്നു... പാകിസ്ഥാന്‍ ലക്ഷ്മണ രേഖ കടന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് വ്യക്തമാക്കേണ്ടിവന്നു,' 1960 ലെ നിര്‍ണായകമായ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജയശങ്കര്‍ പറഞ്ഞു .
ഐക്യരാഷ്ട്രസഭയിലെ 190 അംഗ രാജ്യങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തതെന്ന് ജയശങ്കര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അഗാധമായ വിശ്വാസം നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ, ഓപറേഷന്‍ സിന്ദൂര്‍ അളന്നു മുറിച്ചുള്ള തിരിച്ചടിയായിരുന്നു. ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
Summary: External Affairs Minister S Jaishankar stated in Parliament that there was no US intervention to end Operation Sindoor. You will be in opposition for the next 20 years, says Amit Shah, home minister furious at opposition
COMMENTS