The division bench dismissed the appeal filed by the Kerala government against the single bench order quashing the KEAM rank list published on 1st
സ്വന്തം ലേഖകന്‍
കൊച്ചി: ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസ് സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഇതു നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗ് ലിസ്റ്റ് റദ്ദാക്കിയത്.
ഫെബ്രുവരി 19ന് പുറത്തിറക്കിയ പഴയ പ്രോസ്പെക്ടസ് അനുസരിച്ചു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മിഷണറോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള വഴി. പക്ഷേ, കേസ് കോടതിയിലാവുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയാണ്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോറും 50:50 അനുപാതത്തില്‍ എടുത്താണ് കീം റാങ്ക് നിശ്ചയിക്കുന്നത്. ഇതിനായി പന്ത്രണ്ടാം ക്ലാസിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി മാര്‍ക്കുകള്‍ 1:1:1 അനുപാതത്തില്‍ കണക്കാക്കുമെന്നാണ് ഫെബ്രുവരിയിലെ പ്രോസ്പെക്ടസില്‍ പറഞ്ഞിരുന്നുത്. ഈ മാനദണ്ഡമാണ് 2011 മുതല്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍, പ്രോസ്‌പെക്ടസില്‍ പറഞ്ഞതിനു വിരുദ്ധമായി ജൂലായ് ഒന്നിന് ഈ അനുപാതം 5:3:2 എന്നാക്കി ഭേദഗതി ചെയ്യുകയായിരുന്നു.
ഇതിനൊപ്പം വിവിധ ബോര്‍ഡുകളില്‍ പഠിച്ചവരുടെ മാര്‍ക്കുകള്‍ ഏകീകരിക്കുന്നതിനുള്ള ഫോര്‍മുലയും മാറ്റി. പുതിയ മാറ്റങ്ങള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലവും സിബിഎസ്ഇ, ഐഎസ്സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലവുമാണെന്ന് ആരോപണം വന്നിരുന്നു.
സിബിഎസ്ഇ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഇതോടെ, കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ മാറ്റത്തെ അനുകൂലിച്ച് കക്ഷി ചേര്‍ന്നെങ്കിലും കോടതി അവരുടെ വാദം അംഗീകരിച്ചിരുന്നില്ല.
Summary: The division bench dismissed the appeal filed by the Kerala government against the single bench order quashing the KEAM rank list published on 1st of this month. A division bench comprising Justice Anil K Narendran and Justice S Muralikrishna stated that there is no interference with the order of the single bench.
COMMENTS