ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെട...
ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 23) അവധി പ്രഖ്യാപിച്ചു.
തലസ്ഥാനത്തുനിന്നും വിലാപയാത്ര ആലപ്പുഴയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്.
ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
COMMENTS