Maradu Police has informed that the news that actor Soubin Shahir has been arrested in a financial fraud related to Manjummal Boys movie is baseless
സ്വന്തം ലേഖകന്‍
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മരട് പൊലീസ് അറിയിച്ചു. കണക്കുകള്‍ പൊലീസിനെ ബോധിപ്പിച്ചുവെന്നും തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൗബിനും പറഞ്ഞു.
എന്നാല്‍, സൗബിന്‍ സമര്‍പ്പിച്ച രേഖകള്‍ പൂര്‍ണമല്ലെന്നും കണക്കുകള്‍ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും നടനെ ഉടന്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൗബിന്‍ ഷാഹിര്‍, ബാപ്പ ബാബു ഷാഹിര്‍, മറ്റൊരു നിര്‍മാതാവായ ഷോണ്‍ ആന്റണി എന്നിവരെ മരട് പൊലീസ് ചോദ്യം ചെയ്തത്.
സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരന് മൊത്തം പണവും കൊടുത്തു. പക്ഷേ, ലാഭവിഹിതം കൊടുത്തില്ല. അതിനായി പണം മാറ്റി വച്ചിരുന്നു. അതു നല്‍കാനിരിക്കെയാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നാണ് സൗബിന്‍ പറയുന്നത്.
സിനിമയുടെ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴു കോടി രൂപ തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് സൗബിനെതിരേ കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനായിരുന്നു കോടതി നിര്‍ദേശം. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചന കാട്ടിയെന്നുമാണ് പരാതി.
എന്നാല്‍ സിറാജ് വലിയതുറ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് കൊടുത്തില്ലെന്നും അതുനിനിമിത്തം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും വലിയ നഷ്ടമുണ്ടാക്കിയെന്നുമാണ് നിര്‍മാതാക്കളുടെ വാദം. ഇക്കാരണത്താലാണ് ലാഭവിഹിതം കൊടുക്കാതിരുന്നുതെന്നാണ് അവരുടെ വാദം.
സൗബിന്‍ സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്തമാണെന്നും വരും ദിവസങ്ങളില്‍ മൂവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നും ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറിയിച്ചു.
മൂവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ഈ സിനിമയുടെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണവും തുടരുകയാണ്.
ഹൈക്കോടതിയില്‍ കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ, പരാതിക്കാരന് 5.99 കോടി രൂപ പ്രതികള്‍ നല്‍കിയിരുന്നു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തതിനു ശേഷമാണ് പണം കൈമാറിയിരിക്കുന്നത്.
COMMENTS