Ukraine's massive series of drone attacks in Russia, more than 40 warplanes reportedly downed, drones flew more than 6,000 km
മോസ്‌കോ: റഷ്യന്‍ വ്യോമ താവളങ്ങളില്‍ ഉക്രെയിന്‍ നടത്തിയ രൂക്ഷമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല്പതില്‍ പരം പോര്‍ വിമാനങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എത്ര വിമാനം തകര്‍ന്നുവെന്ന് റഷ്യ പറയുന്നില്ല.
ഉക്രെയ്നിന്റെ സുരക്ഷാ വിഭാഗത്തിന്റെ (എസ്ബിയു) ഓപ്പറേഷനില്‍ കിഴക്കന്‍ സൈബീരിയന്‍ നഗരമായ ബെലായ, ഫിന്‍ലാന്‍ഡിനടുത്തുള്ള ആര്‍ട്ടിക് സമുദ്രത്തിലെ ഒലെനിയ, മോസ്‌കോയ്ക്ക് കിഴക്കുള്ള ഇവാനോവോ, ഡയഗിലേവോ എന്നിവിടങ്ങളിലെ റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ തകര്‍ന്ന വിമാനങ്ങളില്‍ ടിയു95, ടിയു22എം3 ബോംബര്‍ വിമാനങ്ങളും എ50 വിമാനവും ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് കീവ് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് കിഴക്കന്‍ സൈബീരിയന്‍ നഗരമായ ബെലായ. സൈബീരിയയില്‍ ആദ്യമായാണ് ഉക്രെയിന്‍ ഇത്തരമൊരു ആക്രമണം നടത്തുന്നത്. ശ്രീദ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചതായും ഇര്‍കുട്സ്‌ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചു.
ബെലായ വ്യോമതാവളത്തില്‍ തീപിടിത്തമുണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള ഏറ്റുമുട്ടലില്‍ റഷ്യയ്ക്കുണ്ടായ ഏറ്റവും വലിയ നാശമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ ഇര്‍കുട്സ്‌ക് മേഖലയിലെ ഒരു സൈനിക യൂണിറ്റിനെ ഡ്രോണ്‍ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
റഷ്യയുടെ ദീര്‍ഘദൂര ആക്രമണ ശേഷിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 'സ്‌പൈഡര്‍ വെബ്' എന്ന പ്രത്യേക ഓപ്പറേഷന്‍ കോഡ് നാമത്തിലാണ് ഈ ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് ഉക്രേനിയന്‍ പ്രസിദ്ധീകരണമായ പ്രാവ്ദ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ഗോ ട്രക്കുകളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ തടി ഷെഡുകളിലായിരുന്നു ഡ്രോണുകള്‍ ഒളിപ്പിച്ചിരുന്നത്. ട്രക്കുകളുടെ മേല്‍ക്കൂര റിമോട്ടായി തുറക്കാന്‍ കഴിയുന്നവയാണ്. റഷ്യന്‍ ചാരക്കണ്ണുകളില്‍ പെടാതിരിക്കാനാണ് ഈ ത്ന്ത്രം ഉക്രെയിന്‍ പ്രയോഗിച്ചത്.
റഷ്യയുടെ വലിയ മിസൈല്‍ ആയുധശേഖരത്തിനു പകരമായി ഡ്രോണുകളെയാണ് റഷ്യ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യന്‍ സൈനിക, എണ്ണ സൗകര്യങ്ങള്‍ ആക്രമിക്കാന്‍ ഉക്രെയിന്‍ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇസ്താംബൂളില്‍ തിങ്കളാഴ്ച പുതിയ ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചയ്ക്കു റഷ്യയാണ് നിര്‍ദ്ദേശം വച്ചത്. ചര്‍ച്ചകള്‍ക്കായി മന്ത്രി റുസ്റ്റെം ഉമെറോവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച ഇസ്താംബൂളില്‍ എത്തുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
'പൂര്‍ണ്ണവും നിരുപാധികവുമായ വെടിനിറുത്തല്‍' ആയിരിക്കണം ചര്‍ച്ചയുടെ കാതലെന്ന് സെലെന്‍സ്‌കി പറഞ്ഞു. തടവുകാരുടെയും തട്ടിക്കൊണ്ടുപോയ കുട്ടികളുടെയും തിരിച്ചുവരവിനും മുന്‍ഗണന നല്കണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
Summary: Ukraine's massive series of drone attacks in Russia, more than 40 warplanes reportedly downed, drones flew more than 6,000 km, attack hours before peace talks
COMMENTS