Indian Air Force pilot Subhamshu Shukla made history by becoming the first Indian to fly to the International Space Station
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്നെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേനാ പൈലറ്റ് ശുഭാംഷു ശുക്ല ചരിത്രം കുറിച്ചു. ശുക്ലയും ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളിലെ മറ്റ് മൂന്ന് ബഹിരാകാശയാത്രികരും ബഹിരാകാശ പേടകത്തെയും ഐ.എസ്.എസിനെയും ബന്ധിപ്പിക്കുന്ന വെസ്റ്റിബ്യൂളിലൂടെ കടന്നെത്തുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു.
പുഞ്ചിരിയോടെ എത്തിയ അംഗങ്ങളെ ഐ.എസ്.എസിലുള്ള ഏഴ് ബഹിരാകാശയാത്രികര്‍ ആലിംഗനങ്ങളോടെ സ്വീകരിച്ചു. പിന്നെ നാലുപേരും ഒരു ഫോയില്‍ പാക്കറ്റില്‍ നിന്ന് ദ്രാവകങ്ങള്‍ കുടിച്ച് ഫോട്ടോയ്ക്കായി നിന്നു.
ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുറപ്പെട്ട പേടകം വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ 424 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചത്. 28 മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് സ്വകാര്യ ദൗത്യമായ ആക്സിയം-4 ന്റെ ഭാഗമായ ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള കാപ്സ്യൂള്‍ ഇന്ന് വൈകുന്നേരം ഡോക്ക് ചെയ്തത്.
ഡോക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ്, ബഹിരാകാശ പേടകവും ബഹിരാകാശ നിലയവും ഒരേ പരിക്രമണ തലത്തില്‍ വന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 4.01 ന്, മിഷന്‍ കണ്‍ട്രോള്‍ 'സോഫ്റ്റ് ക്യാപ്ചര്‍' സ്ഥിരീകരിച്ചു. ഇതോടെ ഡോക്കിംഗിനുള്ള നടപടികള്‍ ആരംഭിക്കുന്നു. മിനിറ്റുകള്‍ക്ക് ശേഷം ഒരു 'ഹാര്‍ഡ് ക്യാപ്ചര്‍' നടത്തി ബഹിരാകാശ നിലയവുമായി ബന്ധിച്ചു. ഇന്ത്യന്‍ സമയം വൈകുന്നേരം 4.15 ന് ഡോക്കിംഗ് പൂര്‍ത്തിയായി. 'ഇവിടെ എത്തിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്... നന്ദി,' മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ ഡോക്കിംഗിന്റെ തത്സമയ സ്ട്രീമില്‍ പറഞ്ഞു. യുഎസിലെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിലെ സ്ലോവോസ് വിസ്‌നിയേവ്‌സ്‌കി, ഹംഗേറിയന്‍ ടിബോര്‍ കപു എന്നിവരാണ് മറ്റു യാത്രികര്‍.
ഈ ദൗത്യം പല കാരണങ്ങളാല്‍ ആറ് തവണ വിക്ഷേപണം വൈകിപ്പിച്ചിരുന്നു. സോഫ്റ്റ്വെയര്‍ തകരാര്‍ മൂലം കാലാവസ്ഥാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഏഴാമത്തെ ശ്രമവും വൈകിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചു പുറപ്പെടുകയായിരുന്നു. ശുക്ലയും സഹയാത്രികരും 14 ദിവസം നിലയത്തില്‍ തുടരും. രണ്ടാഴ്ചയ്ക്കുള്ളില്‍ അവര്‍ 60 പരീക്ഷണങ്ങള്‍ നടത്തും, അതില്‍ ഏഴെണ്ണം ഇന്ത്യ നിര്‍ദ്ദേശിച്ചതാണ്. അതില്‍ ഒന്ന് ജീവജാലങ്ങള്‍ സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കാനുള്ളതാണ്.
മാന്ത്രികമായ അനുഭവമെന്നാണ് യാത്രയെക്കുറിച്ചു ശുക്ല പറഞ്ഞത്. ' എന്റെ സഹ ബഹിരാകാശയാത്രികര്‍ക്കൊപ്പം ഇവിടെ ഉണ്ടായിരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് ... എന്തൊരു യാത്രയായിരുന്നു അത്. സത്യം പറഞ്ഞാല്‍, 30 ദിവസത്തെ ക്വാറന്റൈന് ശേഷമുള്ള യാത്ര ഒരു മാന്ത്രിക അനുഭവം തന്നെയാണ്. ഈ ദൗത്യം സാധ്യമാക്കിയ എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ശുക്ല നന്ദി അറിയിച്ചു. 'ഈ യാത്ര സാധ്യമാക്കിയ ഓരോ വ്യക്തിയുടെയും പരിശ്രമത്തെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. ഈ നേട്ടം നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്,' അദ്ദേഹം പറഞ്ഞു.
Summary: Indian Air Force pilot Subhamshu Shukla made history by becoming the first Indian to fly to the International Space Station. NASA has released footage of Shukla and three other astronauts aboard the Crew Dragon capsule entering the vestibule that connects the spacecraft to the ISS.
COMMENTS