ബെംഗളൂരു: 18 വർഷങ്ങൾക്ക് ശേഷം ആർസിബി ഐപിഎൽ കിരീടം നേടിയതിൽ ബെംഗളൂരുവിൽ നടന്ന ആഘോഷം ദാരുണ ദുരന്തമായി മാറി. രണ്ട് സ്ഥലങ്ങളിലായി തിക്കിലും...
ബെംഗളൂരു:
18 വർഷങ്ങൾക്ക് ശേഷം ആർസിബി ഐപിഎൽ കിരീടം നേടിയതിൽ ബെംഗളൂരുവിൽ നടന്ന ആഘോഷം ദാരുണ ദുരന്തമായി മാറി. രണ്ട് സ്ഥലങ്ങളിലായി തിക്കിലും തിരക്കിലും പെട്ട് 11 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. 50 ൽ പരം പേർക്ക് പരിക്കുണ്ട്.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) ടീമിനെ അനുമോദിക്കാൻ ഒരുക്കിയ ചടങ്ങിൽ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്നാണ് കുഴപ്പങ്ങൾ ആരംഭിച്ചത്.
വിധാൻ സൗധയുടെ പരിസരത്ത് മറ്റൊരു തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.
ആർസിബി സ്ക്വാഡ് വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാൻ പുറപ്പെട്ടപ്പോഴാണ് സംഭവം.
പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. ആഘോഷങ്ങൾ കാണാൻ എത്തിയ നിരവധി പേർ തിക്കിലും തിരക്കിലും ബോധംകെട്ടുവീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു.ജനക്കൂട്ടം നിയന്ത്രിക്കാനാവാത്തതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
"തിരക്കിന് ഞാൻ ക്ഷമ ചോദിക്കുന്നു, ശിവകുമാർ പറഞ്ഞു. 5,000-ത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. യുവാക്കളാണ് വന്നതിൽ അധികവും. അവരുടെ മേൽ ലാത്തി പ്രയോഗിക്കാൻ കഴിയില്ല, ശിവകുമാർ പറഞ്ഞു.
ആഘോഷം കാണാൻ ആളുകൾ മരങ്ങളിൽ കയറുന്നതും ശാഖകളിൽ ഇരിക്കുന്നതും കാണാമായിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിധാൻ സൗധയിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള വിജയാഘോഷ പരേഡ് കർണാടക സർക്കാർ റദ്ദാക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി മുതൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
COMMENTS