Captain Shreyas Iyer led the charge from the front and led Punjab to the IPL final for the Punjab Kings. Punjab won by five wickets
അഹമ്മദാബാദ്: ക്യാപ്ടന്‍ ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്നു പട നയിച്ച് പഞ്ചാബിനെ പഞ്ചാബ് കിംഗ്‌സിന് ഐ പി എല്‍ ഫൈനലിലേക്കു നയിച്ചു. അഞ്ചു വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.
ആറു പന്ത് ബാക്കി നില്‌ക്കെയാണ് പഞ്ചാബിന്റെ ജയം. ഇംപാക്ട് പ്‌ളെയറായി എത്തിയ അശ്വിനി കുമാറിനെ സിക്‌സര്‍ പറത്തിക്കൊണ്ടാണ് ശ്രേയസ് വിജയം ആഘോഷിച്ചത്. 41 പന്തില്‍ എട്ടു പടുകൂറ്റന്‍ സിക്‌സറുകളും അഞ്ചു ഫോറും നിറം ചാര്‍ത്തിയതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്.
ശ്രേയസ് എടുത്ത 87 റണ്‍സ് ടീമിന്റെ വിജയത്തിലെ നട്ടെല്ലായി. 29 പന്തില്‍ 48 റണ്‍സുമായി നേഹല്‍ വധേരയാണ് ഒരു ഘട്ടത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ലക്ഷ്യം പിന്തുടരാന്‍ ശ്രേയസിനു പിന്തുണയായത്. ശശാഭ്ക സിംഗ് രണ്ടു റണ്‍സുമായി റണ്‍ ഔട്ടായി. മാര്‍കസ് സ്‌റ്റോയിനിസ് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
അശ്വിനി കുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കു വിക്കറ്റില്ല. 40 റണ്‍സ് വിട്ടുകൊടുത്തു. അതില്‍ ഒരു ഓവറില്‍ മാത്രം 20 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്.
ഓപ്പണര്‍ പ്രഭ് സിമ്രന്‍ സിംഗിനെ തുടക്കത്തില്‍ തന്നെ നഷ്ടമായത് പഞ്ചാബിനു തിരിച്ചടിയായിരുന്നു. ഒന്‍പതു പന്തില്‍ ആറു റണ്‍സ് മാത്രമായിരുന്നു സിംഗിന്റെ സമ്പാദ്യം. പ്രിയാന്‍ഷ് ആര്യ 10 പന്തില്‍ 20 റണ്‍സെടുത്തു.
മഴ ഭീഷണി മൂലം രണ്ടു മണിക്കൂറിലേറെ വൈകിയാണ് മത്സരം തുടങ്ങിയത്. മുന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ മുംബയ്ക്കു നഷ്ടമായി. ഏഴു പന്തില്‍ എട്ടു റണ്‍ മാത്രമാണ് രോഹിത് എടുത്തത്.
ഹിറ്റ് മാന്‍ പെട്ടെന്നു പുറത്തായെങ്കിലും ജോണി ബെയര്‍സ്‌റ്റോയും തിലക് വര്‍മയും ചേര്‍ന്നു മുംബയ്ക്കു നല്ല തുടക്കം നല്കി. 24 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം ബെയര്‍സ്റ്റോ 38 റണ്‍സെടുത്തു. വൈശാഖ് വിജയകുമാറിന്റെ പന്തില്‍ ജോഷ് ഇംഗ്‌ളിഷാണ് കാച്ചെടുത്ത് ബെയര്‍സ്‌റ്റോയെ മടക്കിയത്.
തിലക് വര്‍മ 29 പന്തില്‍ 44 റണ്‍സെടുത്തു. 26 പന്തില്‍ 44 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്ടന്‍ ഹര്‍ദിക് പാണ്ഡ്യ 15 റണ്‍സ് മാത്രമെടുത്തപ്പോള്‍ നമന്‍ ധിര്‍ ഏഴു ഫോറുകളുടെ അകമ്പടിയില്‍ 18 പന്തില്‍ 37 റണ്‍സെടുത്തു. മിച്ചല്‍ സാന്റ്‌നര്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ എട്ടു റണ്‍സുമായി രാജ് ബാവ പുറത്താവാതെ നിന്നു.
അസമുള്ള ഒമര്‍സായി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെമീസണ്‍, മാര്‍കസ് സ്‌റ്റോയിനിസ് വൈശാഖ് വിജയകുമാര്‍, യൂസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Summary: Captain Shreyas Iyer led the charge from the front and led Punjab to the IPL final for the Punjab Kings. Punjab won by five wickets.
COMMENTS