ജറുസലേം: ഇസ്രയേലിനെതിരെ വ്യാപക തിരിച്ചടി നല്‍കി ഇറാന്‍. മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്...
ജറുസലേം: ഇസ്രയേലിനെതിരെ വ്യാപക തിരിച്ചടി നല്‍കി ഇറാന്‍. മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന പേരിലാണ് ഇറാന്റെ തിരിച്ചടി.
പ്രാദേശികമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇറാന് നയതന്ത്രത്തിനും സംഭാഷണങ്ങള്‍ക്കും മതിയായ സമയം നല്‍കിയെന്നും ഇസ്രായേലി ആക്രമണം വൈകിപ്പിക്കാന്‍ താന്‍ ആദ്യം ശ്രമിച്ചിരുന്നുവെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് 61-ാം ദിവസമായിരുന്നു. എന്നാലും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇസ്രയേലിന്റെ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും അടക്കം നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ഇസ്രയേലിന്റെ രണ്ട് എഫ്35 വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രയേല്‍ ഇക്കാര്യം നിഷേധിച്ചു. ഇസ്രയേലിലെ ചില വിമാനത്താവളങ്ങള്‍ അടച്ചു.
ഇറാനെ ആക്രമിച്ചിട്ട് രക്ഷപ്പെടാമെന്ന് ഇസ്രയേല്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹമായിരിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ഖമനയി പറഞ്ഞു. ഇസ്രായേല്‍ ഭരണകൂടം ചെയ്തത് ഗുരുതരമായ തെറ്റാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ അവരെ നിസ്സഹായരാക്കും. ഇസ്രയേലിനോട് ഒരു ദയയും ഉണ്ടാകില്ല. അവരുടെ ജീവിതം ഇരുണ്ടതാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു ഖമനയി പറഞ്ഞു.
Key Words: 'Operation True Promise 3', Iran - Israel Conflict
COMMENTS