Ahmedabad plane crash: Overload, bird strike, plane lost propulsion, slow take-off speed... many possibilities
അഭിനന്ദ്
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പല കാരണങ്ങളാണ് വിദഗ്ദ്ധര്‍ മുന്നോട്ടു വയ്ക്കുന്നത്. വിമാനത്തിനു മുകളിലേക്കു കുതിക്കാനുള്ള പൊപ്പല്‍ഷന്‍ നഷ്ടമായതാണ് പ്രധാന കാരണമായി കരുതുന്നത്. മറ്റൊന്ന് വിമാനം ടേക്ക് ഓഫ് വേളയില്‍ പക്ഷി ഇടിച്ചിരിക്കാമെന്നതാണ്.
എ ഐ 171 വിമാനം 672 അടി ഉയരം കൈവരിച്ച ശേഷമാണ് താഴേക്കു കൂപ്പുകുത്തിയത്. ആ നിമിഷങ്ങളില്‍ കോക് പിറ്റില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ ബ്‌ളാക് ബോക്‌സ് വീണ്ടെടുക്കേണ്ടതുണ്ട്.
ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ 10 ജീവനക്കാര്‍ ഉള്‍പ്പെടെ 242 പേര്‍ ഉണ്ടായിരുന്നു. ഇവരുടെ ലഗേജും കൂടാത് ഒന്നര ലക്ഷം ലിറ്റര്‍ ഇന്ധനവും വിമാനത്തില്‍ നിറച്ചിരുന്നു. ഓവര്‍ ലോഡ് ആയിരിക്കാം വിമാനത്തിനു പ്രൊപ്പല്‍ഷന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് ഒരു നിഗമനം.
പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ഉയരം നേടാന്‍ പാടുപെടുന്നതായി വീഡിയോകള്‍ വ്യക്തമാക്കുന്നുണ്ട്. ബോയിംഗ് 787-8 ഡ്രീംലൈനര്‍, കുറ്റമറ്റ സുരക്ഷാ റെക്കോര്‍ഡുള്ള ഒരു മോഡലാണെന്നാണ് ബോയിംഗ് വിമാനക്കമ്പനി അവകാശപ്പെടുന്നത്.
വിമാനം ടേക്ക് ഓഫിനു മുന്‍പ് വേണ്ടത്ര വേഗം ആര്‍ജിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. വേഗം വേണ്ടത്രയില്ലെങ്കില്‍ ഉയരത്തിലേക്കു കുതിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാം.
ഗിയര്‍ അപ്പ് ചെയ്യാതെ വിമാനം താഴേക്കു കൂപ്പുകുത്താന്‍ തുടങ്ങിയത് എഞ്ചിന് പവര്‍ നഷ്ടപ്പെട്ടതിന്റെ സൂചനയായി കരുതാമെന്ന് മുന്‍ സീനിയര്‍ പൈലറ്റായ ക്യാപ്റ്റന്‍ സൗരഭ് ഭട്‌നാഗര്‍ പറയുന്നു.
'ടേക്ക് ഓഫിനുശേഷം, ക്യാപ്റ്റന്‍ 50 അടിയില്‍ ഗിയര്‍ പ്രയോഗിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 250 അടിയില്‍, ഓട്ടോ പൈലറ്റ് സ്വിച്ച് ഓണ്‍ ചെയ്തു. അത് നടപടിക്രമമാണ്. എന്നാല്‍ 500-600 അടിയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ഒരു മെയ്‌ഡേ കോള്‍ പോയത് അസാധാരണമാണ്. സാധാരണ ഗതിയില്‍ ഈ സമയം പൈലറ്റിന് നല്ല ജോലിത്തിരക്കുള്ള സമയമാണ്.
ഒരു വിമാനത്തില്‍ പെട്ടെന്ന് ഒരു പക്ഷിയോ പക്ഷിക്കൂട്ടമോ ഇടിച്ചാല്‍ എഞ്ചിന് മൊത്തം കേടുപാടുകള്‍ സംഭവിക്കാം. അഹമ്മദാബാദിലെയും ആഗ്രയിലെയും വിമാനത്താവളങ്ങളില്‍ നിറയെ പക്ഷികളുണ്ട്. വിമാനത്തില്‍ പക്ഷികള്‍ ഇടിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു, അദ്ദേഹം പറഞ്ഞു.
ഇന്ധനം നിറയ്ക്കുമ്പോള്‍ വെള്ളം കലര്‍ന്നാലും ഇത്തരമൊരു ദുരന്തം സംഭവിക്കാം. വെള്ളം കലരുന്നത് ഇന്ധനത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുകയും എഞ്ചിനുകള്‍ പെട്ടെന്ന് നിശ്ചലമാക്കുന്നതിന് കാരണമാവുകയും ചെയ്യാം.
മറ്റൊരു സാദ്ധ്യത ഒരു കണ്‍ട്രോള്‍ ജാം ആണ്. ഈ സാങ്കേതിക തകരാര്‍ സംഭവിക്കുമ്പോള്‍, റഡ്ഡറുകളും എലിവേറ്ററുകളും (വിമാനം ഉയര്‍ത്താന്‍ സഹായിക്കുന്നവ) പോലുള്ള നിയന്ത്രണങ്ങള്‍ പരാജയപ്പെടാം, ഏവിയേഷന്‍ സേഫ്റ്റി കണ്‍സള്‍ട്ടന്റും ഇന്‍സ്ട്രക്ടറുമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിനു ചുറ്റും ധാരാളം പക്ഷികളുണ്ട്. 17 വര്‍ഷം മുമ്പ് ഞാന്‍ ഇക്കാര്യം മുന്നറിയിപ്പു കൊടുത്തതാണ്. വിമാനത്താവള പരിസരത്ത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത അറവുശാലകളാണ് ഇത്രയും വലിയ പക്ഷി സാന്നിധ്യത്തിന് കാരണം. രാഷ്ട്രീയക്കാരുടെയോ അവരുടെ ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ളതിനാല്‍ അധികാരികള്‍ ഒരിക്കലും ഇവിടേക്കു ചെല്ലാറുപോലുമില്ലെന്ന് അദ്ദേഹം പറയുന്നു.
വിമാനത്താവള പരിസരത്ത് കെട്ടിടങ്ങളുടെ ഉയരം ലംഘനങ്ങളും നിരവധിയാണ്. ഇതും ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നു, അദ്ദേഹം പറഞ്ഞു. മുംബയ് വിമാനത്താവളത്തിലും ഇത്തരമൊരു പ്രശ്‌നമുണ്ട്. ഘടനാ ലംഘന പ്രശ്‌നം പഠിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡല്‍ഹിയില്‍ റണ്‍വേ 09-ല്‍ സമാനമായ സംഭവം നടന്നാല്‍, വിമാനം വസന്ത് വിഹാറിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേസമയം, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.
കൂടാതെ, വിഷയം വിശദമായി പരിശോധിക്കാന്‍ ഒന്നിലധികം മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു ഉന്നതതല സമിതിയെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വ്യോമയാന സുരക്ഷ ശക്തമാക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും സമിതി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വിമാനത്തിലെ 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം കത്തിയതിനെത്തുടര്‍ന്ന് താപനില രൂക്ഷമായതിനാല്‍ വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ക്കൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
'ഞാന്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മിക്കവാറും എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. ഇരകളുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ ശേഖരിക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. രണ്ട് മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും. വിദേശത്തുള്ള എല്ലാ യാത്രക്കാരുടെ കുടുംബങ്ങളെയും ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അവരുടെ ഡിഎന്‍എ സാമ്പിളുകളും ശേഖരിക്കും,' ഷാ കൂട്ടിച്ചേര്‍ത്തു.
Summary: Ahmedabad plane crash: Overload, bird strike, plane lost propulsion, slow take-off speed... many possibilities. The AI ??171 plane went down after reaching a height of 672 feet. The black box needs to be recovered to know what happened in the Coke pit during those moments.
COMMENTS