Iran missile attack on Israeli defense headquarters, Iron Dome fails, Iran downs two Israeli warplanes, IDF denies
ടെല്‍ അവീവ്: ടെല്‍ അവീവിലെ ഇസ്രായേലി പ്രതിരോധ ആസ്ഥാനത്ത് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രായേലിനെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിച്ചുവന്നിരുന്ന അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരാജയം വെളിവാക്കുന്നതു കൂടിയായി ഇറാന്റെ ആക്രമണം.
ഇസ്രായേലിന്റെ രണ്ട് എഫ് 35 പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇര്‍ന വാര്‍ത്താ ഏജന്‍സിയുടെ ഈ അവകാശവാദം ഇസ്രായേല്‍ തള്ളിക്കളഞ്ഞു.
24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ ഇസ്രായേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളെ തുടര്‍ന്നാണ് ഇറാന്റെ തിരിച്ചടി. ഇസ്രായേല്‍ പ്രതിരോധ സേനയുടെ ആസ്ഥാനം ഉള്‍പ്പെടെ നിരവധി സൈനിക സൗകര്യങ്ങള്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ടെല്‍ അവീവിന്റെ ഒരു ഭാഗത്ത് ഒരു ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, ഇസ്രായേലിന്റെ അയണ്‍ ഡോം ഇറാനിയന്‍ മിസൈലിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മിസൈല്‍ പ്രതിരോധ ആസ്ഥാനത്ത് പതിക്കുന്നതും തീഗോളം ഉയരുന്നതും വ്യക്തമാണ്.
ഐഡിഎഫ് ആസ്ഥാനത്തിന് സമീപമുള്ള നഗരമധ്യത്തിലെ കിരിയ പ്രദേശത്തുള്ള മാര്‍ഗനിറ്റ് ടവര്‍ പശ്ചാത്തലത്തില്‍ കാണാം. ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെഹ്റാനില്‍ നിന്ന് പ്രതികാര നടപടി പ്രതീക്ഷിച്ചിരുന്നതാണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
ഇറാനില്‍ രണ്ടാമത്തെ ആക്രമണ പരമ്പരയില്‍ 200 ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പട്ടു. ഇറാന്‍ തിരിച്ചടിച്ചതിനെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രി ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. ടെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു.
മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ഇറാനെ ഐഡിഎഫ് ഇന്റര്‍നാഷണല്‍ വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി കുറ്റപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ഇറാന്‍ മാത്രമാണ് ഉത്തരവാദികള്‍. ആണവായുധങ്ങള്‍ നേടാനും ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കാനുമുള്ള അവരുടെ നീക്കമാണ് നമ്മളെ ഇവിടെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ സായുധ സേന ഇസ്രായേലിനെ നേരിടാന്‍ സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച പറഞ്ഞു. 'സയണിസ്റ്റ് ഭരണകൂടം ഒരു വലിയ തെറ്റ് ചെയ്തു, ഗുരുതരമായ തെറ്റ്, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി. ദൈവകൃപയാല്‍, ഇതിന്റെ അനന്തരഫലങ്ങള്‍ ആ ഭരണകൂടത്തെ നശിപ്പിക്കും. ഇറാനിയന്‍ രാഷ്ട്രം തങ്ങളുടെ വിലപ്പെട്ട രക്തസാക്ഷികളുടെ രക്തം പ്രതികാരം ചെയ്യാതെ വിടുകയോ, തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് അവഗണിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
COMMENTS