ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കന്നി ഐപിഎല്‍ കിരീട വിജയാഘോഷത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഇന്നലെ വൈകുന്നേര...
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കന്നി ഐപിഎല്‍ കിരീട വിജയാഘോഷത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഇന്നലെ വൈകുന്നേരം എത്തിയത് ഏകദേശം 8 ലക്ഷം പേരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര അവകാശപ്പെട്ടു. ഇത്രയധികംപേര്‍ തടിച്ചുകൂടിയതോടെയാണ് ദുരന്തത്തിലേക്ക് വഴിമാറിയതെന്നും മന്ത്രി പറഞ്ഞു.
''വിധാന്‍ സൗധയ്ക്ക് പുറത്ത് ഒരു ലക്ഷം പേരും സ്റ്റേഡിയത്തിന് പുറത്ത് 25,000 പേരും ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ കണക്കാക്കി. 2.5 ലക്ഷം പേര്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. 8.70 ലക്ഷം മെട്രോ ടിക്കറ്റുകള്‍ വിറ്റു. ഭൂരിഭാഗവും ക്രിക്കറ്റ് ആരാധകരാണെന്ന് കരുതുക, 8 ലക്ഷം പേര്‍ എത്തി'' മന്ത്രി പറഞ്ഞു.
അതേസമയം, തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെല്ലാം 40 വയസ്സിന് താഴെയുള്ളവരാണ്, മരിച്ചവരില്‍ 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ മൂന്ന് കൗമാരക്കാരും ഇരുപത് വയസിലുള്ള ആറ് യുവാക്കളും ഉള്‍പ്പെടുന്നു. 35,000 പേരെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയത്തിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. തിരക്ക് അനുഭവപ്പെട്ടതിനു പിന്നാലെ മൊബൈല്‍ ഫോണുകള്‍, ബാഗുകള്‍ എന്നിവ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 3:14 ന്, പൊതു ചടങ്ങിനായി സൗജന്യ പാസുകള്‍ ലഭ്യമാക്കുമെന്ന് ആര്‍സിബി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനമാണ് സ്റ്റേഡിയത്തിലേക്ക് പെട്ടെന്ന് ആളുകളെ ആകര്‍ഷിച്ചത്. വ്യക്തമായ പ്രവേശന പ്രോട്ടോക്കോളുകളോ ടിക്കറ്റിംഗ് നിയന്ത്രണമോ ഇല്ലാതെ, ആയിരക്കണക്കിന് ആളുകള്‍ ഒരേസമയം വേദിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പലരും ബാരിക്കേഡുകളിലും ഗേറ്റുകളിലും കയറി, ഇത് സമീപത്തുനിന്നവരെ നിലതെറ്റി വീഴുന്നതിലേക്ക് നയിച്ചു. ആദ്യം വീണുപോയവരെ ചവിട്ടിമെതിക്കുകയും അവര്‍ക്കുമുകളിലേക്ക് മറ്റുള്ളവര്‍ വീഴുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Key Words: Royal Challengers Bengaluru, Stampede, Karnataka Home Minister
COMMENTS