ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം 11 പേരുടെ മരണത്തിന് കാരണമായ തിക്കിലും തിരക്കിലും സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കര്‍ണാടക...
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം 11 പേരുടെ മരണത്തിന് കാരണമായ തിക്കിലും തിരക്കിലും സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കര്‍ണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആരോപിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) വിജയാഘോഷത്തിനിടെ വ്യാഴാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.
താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ നിന്ന് ക്രിക്കറ്റ് താരങ്ങള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ തിക്കും തിരക്കും ഉണ്ടായി എന്ന് വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ആളപായവും പരിക്കും റിപ്പോര്‍ട്ട് ചെയ്തിട്ടും വിധാന സൗധയില്‍ അനുമോദന പരിപാടി തുടരാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു.
'മരണങ്ങളും പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, എന്തുകൊണ്ടാണ് അവര്‍ ആഘോഷങ്ങള്‍ തുടര്‍ന്നത്?' സ്റ്റേഡിയത്തിന് പുറത്ത് സ്ഥിതി നിയന്ത്രണാതീതമായിരിക്കെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെയും വിജയേന്ദ്ര ചോദ്യം ചെയ്തു. മാത്രമല്ല, സംഭവസമയത്ത് ആംബുലന്‍സുകള്‍ ഉടന്‍ ഒരുക്കിയിരുന്നില്ലെന്നും വിജയേന്ദ്ര ചൂണ്ടിക്കാട്ടി. ഇതിനു പുറമെ, ജുഡീഷ്യല്‍ അന്വേഷണത്തിന് പകരം മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍, സാഹചര്യത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ ശ്രമിക്കുകയാണെന്നും വിജയേന്ദ്ര ആരോപിച്ചു. 'മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യത്തില്‍ അമിതമായി ആസക്തിയുള്ളവരായി മാറിയിരിക്കുന്നു' എന്നും മാധ്യമങ്ങള്‍ക്കുമുന്നില്‍ അദ്ദേഹം തുറന്നടിച്ചു.
Key Words: BJP, Karnataka Government, Stadium Stampede
COMMENTS