All but one of the 242 passengers died in India's worst air disaster. The deceased included a Malayali and former Gujarat chief minister Vijay Rupani
സ്വന്തം ലേഖകന്‍
അഹമ്മദാബാദ്: ഇന്ത്യ കണ്ടതില്‍ ഏറ്റവും ദാരുണമായ വിമാന ദുരന്തത്തില്‍ 242 യാത്രികരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉടമയിലുള്ള ബി ജെ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിനു മുകളില്‍ വിമാനം ഇടിച്ചുകയറി അഞ്ച് വിദ്യാര്‍ത്ഥികളും മരിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരും ഉണ്ടായിരുന്നു.
11എ സീറ്റിലെ യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേശ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ബ്രീട്ടീഷ് പൗരത്വം സ്വീകരിച്ച 40 കാരനായ വിശ്വാസ് കുമാര്‍ രമേശ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു.
ദുരന്തത്തെ അതിജീവിച്ച് എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോ പുറത്തെത്തിയിട്ടുണ്ട്. 'ടേക്ക് ഓഫിന് 30 സെക്കന്റുകള്‍ക്ക് ശേഷം തന്നെ അപകടമുണ്ടായി. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നു'. രക്ഷപ്പെട്ട വിശ്വാസ് പറഞ്ഞു.വിശ്വാസിന്റെ നെഞ്ചിലും കണ്ണിലും കാല്‍പാദത്തിലുമാണ് പരിക്ക്. ഇതൊന്നും സാരമുള്ള പരിക്കുകളല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സഹോദരനൊപ്പം ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് വന്നശേഷം മടങ്ങുകയായിരുന്നു വിശ്വാസ്. 20 വര്‍ഷമായി വിശ്വാസ് ലണ്ടനിലാണ്. വിശ്വാസിന്റെ ഭാര്യയും മക്കളും ലണ്ടനിലാണ്.
പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ച മലയാളി. ബ്രിട്ടനില്‍ നഴ്‌സാണ്. കേരള ഹെല്‍ത്ത് സര്‍വീസില്‍ നഴ്സ് ആയിരുന്ന രഞ്ജിത നാട്ടിലെത്തി അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കോഴഞ്ചേരി ആശുപത്രിയില്‍ നഴ്സാണ് രഞ്ജിത. അവധി അപേക്ഷ നീട്ടി നല്‍കുന്നതിനാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നെടുമ്പാശേരിയില്‍ പോവുകയും അവിടെ നിന്ന് അഹമ്മദാബാദിലേക്കു പോവുകയുമായിരുന്നു.രഞ്ജിതയുടെ മക്കള്‍ നാട്ടില്‍ തന്നെയാണ്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ്. രഞ്ജിതയുടെ അമ്മ തുളസിക്കുട്ടി അമ്മ കാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിത അഗ്നയില്‍ അമര്‍ന്നത്.
അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളില്‍ ബി ജെ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ ഡൈനിംഗ് ഹാളിന്റെ ചുമരിലൂടെ വിമാനം തുളച്ചുകയറിയതായി കാണാം. ചില പ്ലേറ്റുകളില്‍ വിളമ്പിയ ഭക്ഷണം ബാക്കിയുണ്ടായിരുന്നു.
പറന്നുയര്‍ന്ന വിമാനം കൂടുതല്‍ ഉയരം ആര്‍ജ്ജിക്കാനാവാതെ താഴേക്ക് വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 1.38 ന് വിമാനം ജനവാസ മേഖലയില്‍ പതിച്ചു തീഗോളമായി മാറുകയായിരുന്നു.
ലണ്ടനിലേക്ക് വളരെ ദൂരം പറക്കേണ്ടതുള്ളതിനാല്‍ വിമാനത്തില്‍ ഇന്ധനം കൂടുതല്‍ നിറച്ചിരുന്നതും ദുരന്തത്തിന്റെ വ്യപ്തി കൂട്ടി. പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുശേഷം പൈലറ്റ് അപായ സൂചനയായ മെയ്‌ഡേ കോള്‍ അയച്ചു. അതിനുശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
825 അടി വരെ ഉയര്‍ന്ന ശേഷമാണ് വിമാനം താഴേയ്ക്കു കൂപ്പുകുത്തിയത്. അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തുന്ന എ ഐ171 വിമാനത്തില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കാനഡക്കാരനുമാണ് ഉണ്ടായിരുന്നത്.
ലണ്ടനിലുള്ള ഭാര്യയേയും മകളെയും കാണുന്നതിനാണ് വിജയ് രൂപാണി അവിടേക്കു പുറപ്പെട്ടത്. ആ യാത്ര അദ്ദേഹത്തിന്റെ അന്ത്യയാത്രയായി.
8,200 മണിക്കൂര്‍ പരിചയമുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളും 1,100 മണിക്കൂര്‍ പരിചയമുള്ള ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമാണ് വിമാനം പറത്തിയിരുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രസ്താവനയില്‍ പറഞ്ഞു.
അപകടത്തെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നതിനായി എയര്‍ ഇന്ത്യ 1800 5691 444 എന്ന പ്രത്യേക പാസഞ്ചര്‍ ഹോട്ട്ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്.
Summary: All but one of the 242 passengers died in India's worst air disaster. The deceased included a Malayali and former Gujarat chief minister Vijay Rupani. Five students of government-owned BJ Medical College hospital hostel died when the plane crashed over the building.
COMMENTS