Shahzad, a businessman from Rampur in Uttar Pradesh, was arrested by the UP Police's Special Task Force (STF) on charges of espionage for Pakistan
ന്യൂഡല്‍ഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ റാംപൂരിലെ ബിസിനസുകാരായ ഷഹസാദിനെ യു പി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റുചെയ്തു.
പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യ്ക്ക് വേണ്ടി അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തും ചാരവൃത്തിയും ഇയാള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും ഇയാള്‍ കൈമാറിയിരുന്നതായി എസ്ടിഎഫ് അറിയിച്ചു.
ഷഹസാദ് പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലൂടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ കച്ചവടം നടത്തുന്നുവെന്ന വ്യാജേനയായിരുന്നു ചാരപ്രവര്‍ത്തനം. ഈ കച്ചവടവും അനധികൃതമായിരുന്നു.
ഐഎസ്ഐക്കുവേണ്ടി രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഒരു മറയായി നിയമവിരുദ്ധ വ്യാപാരം ഇയാള്‍ ഉപയോഗിച്ചു. ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാര്‍ക്ക് ഷഹസാദ് പണവും ഇന്ത്യന്‍ സിം കാര്‍ഡുകളും നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
രാംപൂര്‍ ജില്ലയില്‍ നിന്നും ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകളെ ഐഎസ്ഐക്ക് വേണ്ടി പാകിസ്ഥാനിലേക്ക് ഇയാള്‍ അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ഈ ആളുകളുടെ വീസകള്‍ തരപ്പെടുത്തിയത് ഐഎസ്ഐ ഏജന്റുമാരാണ്.
പാകിസ്ഥാനൂ വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ജ്യോതി മല്‍ഹോത്രയ്ക്കു മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ജോലി ചെയ്യുന്ന ഒരു പാക് ജീവനക്കാരനുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു.
പാകിസ്ഥാന്‍ സന്ദര്‍ശനത്തില്‍ നിന്നുള്ള ചില വീഡിയോകളും അവര്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് - ' പാകിസ്ഥാനിലെ ഇന്ത്യന്‍ പെണ്‍കുട്ടി ', 'ലാഹോറില്‍ പര്യവേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ പെണ്‍കുട്ടി', 'കറ്റാസ് രാജ് ക്ഷേത്രത്തിലെ ഇന്ത്യന്‍ പെണ്‍കുട്ടി', 'പാകിസ്ഥാനിലെ ആഡംബര ബസില്‍ ഇന്ത്യന്‍ പെണ്‍കുട്ടി യാത്ര ചെയ്യുന്നു' എന്നിങ്ങനെയായിരുന്നു ഇവരുടെ ചാനലിലെ വീഡിയോകള്‍.
COMMENTS