തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി...
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്‍റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും.
കഴിഞ്ഞവർഷം നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Key words: Trolling Banned
COMMENTS