ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കള്ളപ്പണം വെ...
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ഡല്‍ഹി കോടതിയെ അറിയിച്ചു.
സോണിയയും രാഹുലും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമര്‍ശം. ഈ വിഷയത്തില്‍ നിലവില്‍ വാദങ്ങള്‍ പുരോഗമിക്കുകയാണ്. കുറ്റപത്രം പരിഗണിക്കുമ്പോഴാണ് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) എസ് വി രാജു കോണ്‍ഗ്രസ് നേതാക്കള്‍ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തല്‍ കോടതിയെ അറിയിച്ചത്.
അതേസമയം, കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് നല്‍കാന്‍ ജഡ്ജി ഇഡിയോട് നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഫയല്‍ ചെയ്തത്. 2014 ജൂണ്‍ 26 ന് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചതിനെത്തുടര്‍ന്ന്, അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ച ഇഡി 2021 ല്‍ അന്വേഷണം ആരംഭിച്ച കേസാണിത്.
COMMENTS