Supreme Court grants anticipatory bail to IAS trainee Pooja Khedkar who forged document, criticizes Delhi High Court
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ശാരീരിക വൈകല്യത്തെക്കുറിച്ച് വ്യാജരേഖ നല്കുകയും കുടുംബപ്പേര് മാറ്റി, വ്യാജ പിന്നാക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ പിരിച്ചുവിടപ്പെട്ട ഐഎഎസ് ട്രെയിനി ഓഫീസര്‍ പൂജാ ഖേദ്കറിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാന്‍ അവര്‍ വ്യാജ രേഖ ചമച്ചുവെന്നതായിരുന്നു കുറ്റം. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൂജയെ അറസ്റ്റ് ചെയ്താല്‍, 35,000 രൂപയുടെ ജാമ്യത്തില്‍ വിടമണണെന്നാണ് കോടതി നിര്‍ദ്ദേശം. ഇതേസമയം, സാക്ഷികളെ സ്വാധീനിക്കുകയോ രേഖയിലുള്ള തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവരുടെ ജാമ്യം നിഷേധിച്ച 2024 നവംബറിലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി കടുത്ത ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ പൂജ കുറ്റം ചെയ്തതായി ഹൈക്കോടതി പറഞ്ഞിരുന്നു പുജ അന്വേഷണ അധികാരികളുമായി സഹകരിച്ചിട്ടില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിഗമനം സുപ്രീം കോടതി തള്ളിക്കളഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പൂജാ ഖേദ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
'സഹകരിക്കുന്നില്ല' എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു, 'അവര്‍ കൊലപാതകം ചെയ്തിട്ടില്ല... ഇത് എന്‍ഡിപിഎസ് (മയക്കുമരുന്ന് വിരുദ്ധ നിയമം) കുറ്റകൃത്യമല്ല. അവര്‍ സഹകരിക്കും,' കോടതി പറഞ്ഞു.
നേരത്തെ, ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു, ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പൊലീസിന് കൂടുതല്‍ കസ്റ്റഡി ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട്, പൂജയ്ക്കു ജാമ്യം നല്കുന്നതിനെ എതിര്‍ത്തിരുന്നു.
പൂജാ ഖേദ്കര്‍ എങ്ങനെ പിടിക്കപ്പെട്ടു
സെപ്റ്റംബര്‍ ആദ്യം കേന്ദ്ര സര്‍ക്കാര്‍ പൂജയെ പുറത്താക്കി. തനിക്കെതിരായ എല്ലാ കുറ്റങ്ങളും അവര്‍ നിഷേധിച്ചു. തന്റെ സീനിയര്‍ ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്നെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് അവര്‍ അവകാശപ്പെട്ടു. യുപിഎസ്സി അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് ഒരു മാസത്തിന് ശേഷമായിരുന്നു ഇത്.
രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവില്‍ അര്‍ഹതയില്ലാത്ത കാര്‍, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥ നടത്തിയ നീക്കത്തിനെതിരെ പുണെ കളക്ടര്‍ സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്കിന് കത്തെഴുതിയതോടെയാണ് ഖേദ്കറിന്റെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
അവരെ വാഷിമിലേക്ക് സ്ഥലം മാറ്റി. തുടര്‍ന്ന്, അവരുടെ ഐഎഎസ് സിലക്ഷന്‍ ചര്‍ച്ചാവിഷയമായി. ഒബിസി സ്ഥാനാര്‍ത്ഥികള്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള ഇളവ് മാനദണ്ഡങ്ങള്‍ അവര്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള വ്യക്തികള്‍ ഉള്‍പ്പെട്ടേക്കാവുന്ന ഒരു തട്ടിപ്പാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട കേസാണോ, അതോ കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നഉം രാജു കോടതിയെ ബോധിപ്പിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും അവരെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് കോടതി മറുപടി നല്‍കി.
പൂജാ ഖേദ്കറിന് ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി ഇടപെടുന്നത് രണ്ടാം തവണയാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവവും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്ന കേസാണിതെന്ന് ജനുവരിയില്‍ കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അവര്‍ക്കെതിരെ ചുമത്തിയിരുന്നു.
മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും സംവരണം ചെയ്തിട്ടുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചുവെന്നാണ് പൂജാ ഖേദ്കറിനെതിരെയുള്ള കുറ്റം.
Summary: Supreme Court grants anticipatory bail to IAS trainee Pooja Khedkar who forged document, criticizes Delhi High Court
COMMENTS