ന്യൂഡൽഹി: വെടിനിർത്തലിന് ഇന്ത്യയോട് അപേക്ഷിച്ച് ധാരണയിലെത്തി മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും (...
ന്യൂഡൽഹി: വെടിനിർത്തലിന് ഇന്ത്യയോട് അപേക്ഷിച്ച് ധാരണയിലെത്തി മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും (എൽഒസി) പലയിടങ്ങളിലും വെടിനിർത്തൽ കരാർ ലംഘിച്ചു.
വെടിനിർത്തൽ ലംഘനങ്ങൾക്ക് പൂർണ്ണ ശക്തിയോടെ മറുപടി നൽകാൻ അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇസ്ലാമാബാദ് വെടിനിർത്തലിന് ആവശ്യപ്പെട്ടു ചർച്ചകൾക്കു മുൻകൈയെടുക്കുകയായിരുന്നു.
,ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി ഇന്ത്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനിൽ നിന്നു വെടിവയ്പ്പ് തുടങ്ങിയത്.
ശ്രീനഗറിൽ ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടു. പ്രദേശത്ത് വൈദ്യുതി നിലച്ചു.
രാജസ്ഥാനിൽ പൊഖ്‌റാനിലും കശ്മീരിലെ ബാരാമുള്ളയിലും ഡ്രോൺ വെടിവച്ചു വീഴ്ത്തി.
അഖ്‌നൂർ, രജൗരി, ആർഎസ് പുര സെക്ടറുകളിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം പീരങ്കി ഷെല്ലാക്രമണം നടത്തി. ജമ്മുവിലെ പലൻവല്ല സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) വെടിനിർത്തൽ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ബാരാമുള്ളയിൽ ഒരു ഡ്രോൺ വെടിവച്ചിട്ടു. ബാരാമുള്ളയിലും ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
രജൗരിയിലും ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുണ്ട്. ജമ്മു മേഖലയിലെ സാംബ ജില്ലയിൽ വ്യോമാക്രമണ സൈറൺ മുഴങ്ങി.
വെടിനിർത്തലിന് ഇപ്പോൾ എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
ഇത് വെടിനിർത്തൽ കരാറല്ല. ശ്രീനഗറിന്റെ മധ്യത്തിലുള്ള വ്യോമ പ്രതിരോധ യൂണിറ്റുകൾ ഇപ്പോഴും സജീവമാണ്, ഡ്രോൺ ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒമർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ആരംഭിച്ച സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഇന്ന് സർക്കാർ അപ്രതീക്ഷിത പ്രഖ്യാപനം നടത്തുകയായിരുന്നു.
ചർച്ചകൾക്ക് മുൻകൈയെടുത്തത് പാകിസ്ഥാനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തലത്തിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ കരാറിൽ എത്തിച്ചേർന്നത്. ഇതിനായി ഇന്ത്യയിലേക്ക് പാക് ഡിജിഎംഒ വിളിക്കുകയായിരുന്നു.
COMMENTS