ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു തദ്ദേശവാസിയെയും ഉള്‍പ്പെടെ 26 സാധാരണക്കാരെ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു തദ്ദേശവാസിയെയും ഉള്‍പ്പെടെ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു മാസം. ഇപ്പോഴും ഭീകരര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരച്ചില്‍ തുടരുകയാണ്.
പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലെ പുല്‍മേട്ടില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഭീകരരാണെന്ന് സംശയിക്കുന്നു. ഈ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്, അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരരെ അയച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് രാജ്യത്തുയര്‍ന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാന്‍ കേന്ദ്രത്തിനായത്. എന്നാല്‍ കൂട്ടക്കൊല നടത്തിയ ഭീകരര്‍ ഇനിയും പിടിയിലായിട്ടില്ല എന്നത് അന്വേഷണ ഏജന്‍സിക്കു മുന്നിലെ കനത്ത വെല്ലുവിളിയാണ്.
സംഭവത്തിനു പിന്നാലെ നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന് ഗുണകരമാകുന്ന കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും വിട്ടയച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
COMMENTS