തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് 5 മരണം കൂടി....
തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് 5 മരണം കൂടി. 3 പേരെ കാണാതായി. പലയിടത്തായി നിരവധി പേര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് ബോവിക്കാനത്ത് തുണിയലക്കാന്‍ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കുമളിയില്‍ തമിഴ്നാട് ചെക്‌പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴയില്‍ കാല്‍ വഴുതി കനാലില്‍ വീണ ഹൗസ് ബോട്ട് ജീവനക്കാരന്‍ മരിച്ചു. പുന്നപ്രയില്‍ മീന്‍ പിടിക്കാന്‍ പോയ അറുപത്തഞ്ചുകാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്തു തെങ്ങു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കണ്ണൂര്‍ പാട്യം മുതിയങ്ങയില്‍ തോട്ടില്‍ വീണ് വീട്ടമ്മയെ കാണാതായി. കൊച്ചിയില്‍ കുമ്പളം കായലില്‍ വള്ളം മറിഞ്ഞ് കാണാതായ കെടാമംഗലം സ്വദേശിയായ മത്സ്യത്തൊഴിലാളിയെക്കുറിച്ച് വിവരമില്ല. വീരന്‍പുഴയില്‍ വഞ്ചി മറിഞ്ഞ് കൊച്ചി സ്വദേശിയെ കാണാതായി.
മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വൈദ്യുത പോസ്റ്റുകള്‍ പൊട്ടിവീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായതായി നിരവധി ഇടങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്.
മഴക്കെടുതി രൂക്ഷമായതോടെ ജില്ലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇടുക്കിയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകള്‍ മാറി താമസിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദേശം. ആവശ്യമുള്ളവര്‍ക്ക് ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എറണാകുളം കുന്നത്തുനാട്ടില്‍ തിരുവാണിയൂര്‍ പഞ്ചായത്തില്‍ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പള്ളിക്കര മനക്കടവ് റോഡില്‍ വലിയ വാഗമരം കടപുഴകി വീണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം മെയിന്‍ റോഡിലാണ് മരം കുറുകെ കടപുഴകി വീണത്. തിരുവനന്തപുരം മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. നിലവിലെ ജലനിരപ്പ് 83.420 മീറ്ററാണ്.
നദികളുടെ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. മൂലത്തറ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍പുഴയില്‍ ജലനിരപ്പ് കൂടി. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടേക്കും.
കരിപ്പൂരില്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു.
Key Words: Kerala Rain Alert
COMMENTS