Centre asks states to conduct security drill, first since 1971, Defence Secretary meets PM, indicates India has decided everything
അഭിനന്ദ്
ന്യൂഡൽഹി: പാകിസ്ഥാനുമായി ഏതു നിമിഷവും ഏറ്റുമുട്ടലുണ്ടായേക്കാമെന്നതിൻ്റെ സൂചനയെന്നോണം സംസ്ഥാനങ്ങളോട് സുരക്ഷാ ഡ്രിൽ നടത്താൻ കേന്ദ്രം നിർദ്ദേശിച്ചു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, "ശത്രുവിൻ്റെ ആക്രമണമുണ്ടായാൽ ഫലപ്രദമായ സിവിൽ പ്രതിരോധത്തിനായി" മെയ് 7 ബുധനാഴ്ച സുരക്ഷാ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം നിരവധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിന്റെ നിർദ്ദേശം വന്ന സമയം നിർണായകമാണ്. ഇന്ത്യയും പാകിസ്ഥാനും രണ്ട് മുന്നണികളിൽ യുദ്ധം ചെയ്ത 1971 ലാണ് അവസാനമായി ഇത്തരമൊരു ഡ്രില്ലിന് നിർദ്ദേശം കേന്ദ്രം നല്കിയിട്ടുള്ളത്.
സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ റിഹേഴ്സലും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കുറഞ്ഞത് 244 സിവിൽ ജില്ലകളെങ്കിലും ഈ മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യവ്യാപകമായി ഒരു മോക്ക് ഡ്രില്ലിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഒരു യോഗം വിളിച്ചിട്ടുണ്ട്.
മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുക്കും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), റെയിൽവേ ബോർഡ്, വ്യോമ പ്രതിരോധ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനങ്ങൾ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്:
> വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനം ഉറപ്പുവരുത്തണം.
> ശത്രുവിൻ്റെ ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിന് സിവിൽ പ്രതിരോധ വശങ്ങളെക്കുറിച്ച് സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണം.
> ക്രാഷ് ബ്ലാക്ക് ഔട്ട് നടപടികൾ ഊർജിതമാക്കണം.
> സുപ്രധാന പ്ലാന്റുകളുടെ സുരക്ഷയ്ക്കു സംവിധാനമൊരുക്കണം.
പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്നലെ രാത്രി 9 മുതൽ 9:30 വരെ കന്റോൺമെന്റ് പ്രദേശത്ത് വൈദ്യുതി വിച്ഛേദിച്ച് ഡ്രിൽ നടത്തി. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡിനോട് (പിഎസ്പിസിഎൽ) നിശ്ചിത സമയത്ത് വൈദ്യുതി വിച്ഛേദിക്കാൻ സേന ആവശ്യപ്പെടുകയായിരുന്നു.
"യുദ്ധഭീഷണി നിലനിൽക്കുമ്പോൾ വൈദ്യുതി തടസ്സ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിൽ തയ്യാറെടുപ്പും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനാണ് ഈ റിഹേഴ്‌സൽ ലക്ഷ്യമിടുന്നതെന്ന് ഉന്നത ഓഫീസർ പറഞ്ഞു.
പ്രധാനമന്ത്രി ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരെ കണ്ടതിനു പിന്നാലെയാണ് സുരക്ഷാ ഡ്രിൽ നിർദ്ദേശം വന്നിരിക്കുന്നത്.
2019 ലെ പുൽവാമ ആക്രമണത്തിനു ശേഷം ജമ്മു കശ്മീരിൽ നടന്ന ഏറ്റവും വലിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തിരുന്നു.
ആക്രമണത്തിന് ന്യൂഡൽഹി എങ്ങനെ പ്രതികരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടു.
പ്രധാനമന്ത്രി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച.
പ്രധാനമന്ത്രി ഇതുവരെ കരസേന, നാവികസേന, വ്യോമസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
Keywords : India, Pakistan, War, Security drill, Pahalgam
COMMENTS