AICC officially announced Aryadan Shaukath as UDF candidate in Nilambur by-election. The candidate declaration note signed by KC Venugopal released
സ്വന്തം ലേഖകന്‍
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ ഒപ്പിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപന കുറിപ്പ് പുറത്തിറങ്ങി. എൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ വീണ്ടും മത്സരിക്കാന്‍ പി വി അന്‍വര്‍ ആലോചിക്കുന്നതായി അഭ്യൂഹം ശക്തമായിട്ടുണ്ട്.
ആഗ്രഹിച്ച യു ഡി എഫ് പ്രവേശനം വൈകുന്നതും താന്‍ നിര്‍ദ്ദേശിച്ച വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കാത്തതുമാണ് അന്‍വറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം കെപിസിസി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചിരുന്നു. ദേശീയ നേതൃത്വം അത് അംഗീകരിക്കുകയായിരുന്നു.
നിലമ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് 2016ല്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. അന്ന് പി വി അന്‍വറാണ് ഷൗക്കത്തിനെ തോല്പിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യടന്‍ ഷൗക്കത്ത് സിനിമ, സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ ആദ്യ ചെയര്‍മാനുമായിരുന്നു.
ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദ് 34 വര്‍ഷം നിലനിര്‍ത്തിയ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കുകയാണ്. നിലമ്പൂരിന് ഏറ്റവും സുപരിചിതന്‍ എന്നതാണ് ഷൗക്കത്തിന്റെ പ്രധാന മേന്മയായി യു ഡി എഫ് കാണുന്നത്.
പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെ എസ് യു സ്‌കൂള്‍ ലീഡറായി രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കമിട്ടതാണ് ആര്യാടന്‍ ഷൗക്കത്ത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി.
ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി പി വി അന്‍വര്‍ രംഗത്തു വന്നതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു തുടക്കം മുതല്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്.
അന്‍വറിന്റെ പരസ്യ നിലപാട് വന്നതിനു പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചന നടത്തിയിരുന്നു. തുടര്‍ന്നാണ് അന്‍വറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചതും ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അഭ്യര്‍ത്ഥന കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അറിയിച്ചതും.
പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിനോട് താത്പര്യമില്ലെന്നാണ് അന്‍വര്‍ പറയുന്നത്. അതിനാല്‍ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ് ജോയിയെ പിന്തുണയ്ക്കുന്നതെന്നും ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
ജോയിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനൊപ്പം തന്റെ കക്ഷിക്ക് യു ഡി എഫ് പ്രവേശനവും പ്രഖ്യാപിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അന്‍വറിനു വഴങ്ങിയാല്‍ ഭാവിയില്‍ അതു തലവേദനയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ്. നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വറിന് തൃണമൂല്‍ നേതൃത്വം അനുമതി നല്‍കി. മത്സരിക്കണമോ വേണ്ടയോ എന്ന് അന്‍വറിന് തീരുമാനിക്കാമെന്നാണ് തൃണമൂല്‍ ദേശീയ നേതൃത്വം പറയുന്നത്.
Summary: AICC officially announced Aryadan Shaukath as UDF candidate in Nilambur by-election. The candidate declaration note signed by KC Venugopal has been released. Rumors are rife that PV Anwar is planning to re-contest in Nilambur in protest against the nomination of Shaukath.
COMMENTS