കൊച്ചി : വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്ന് പി വി അന്‍വര്‍. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്...
കൊച്ചി : വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്ന് പി വി അന്‍വര്‍. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
പി.വി.അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിര്‍ണായക കൂടിക്കാഴ്ച നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ്‌റുമാരായ വിഷ്ണുനാഥും എ പി അനില്‍ കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോ എന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.
അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ സതീശനും അയഞ്ഞേനെയെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ അന്‍വറിന് തന്നെ വിനയായി. അന്‍വറിന് മുന്നില്‍ പൂര്‍ണമായി വാതില്‍ അടച്ചിട്ടില്ല. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്നും കെ സുധാകരന്‍ പറഞ്ഞു.
പി.വി അന്‍വര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫിന്റെ തീരുമാനം കണ്‍വീനര്‍ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ല. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നത്. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വിഡി സതീശന്റെ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Key Words: PV Anwar,VD Satheesan, UDF
COMMENTS