Four of the containers on the cargo ship that sank off the coast of Kochi washed up on the Kollam coast
കൊല്ലം : കൊച്ചി തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ നാലെണ്ണം കൊല്ലം തീരത്ത് അടിഞ്ഞു.ഒരു കണ്ടെയ്നർ ആലപ്പുഴ വലിയഴിക്കൽ തീരത്ത് അടിഞ്ഞു.
രാവിലെ നാലുമണിയോടെ പരിമണം ഭാഗത്ത് അടിഞ്ഞ മൂന്നു കണ്ടെയ്നറുകൾ തുറന്ന നിലയിലാണ്. ഇവയിൽ ചരക്കുകൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
കണ്ടെയ്നർ കണ്ട വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും ദുരന്ത നിവാരണ സേനയും ഉടൻ സ്ഥലത്ത് എത്തി.
ജനവാസ മേഖലയിൽ ആണ് കണ്ടെയ്നറുകൾ അടിഞ്ഞിരിക്കുന്നത്. സുരക്ഷ മുൻനിർത്തി ഈ പ്രദേശത്തെ വീട്ടുകാരെ മാറ്റിയിട്ടുണ്ട്.
ഒരു കണ്ടെയ്നർ ആലപ്പാട് ചെറിയഴിക്കൽ തീരത്താണ് അടിഞ്ഞത്. ഇതും തുറന്ന നിലയിലാണ്.
കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ച് വൻ ശബ്ദം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ജില്ലാ കളക്ടർ എൻ ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണർ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
കപ്പലിൽ ഉണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണം കാലിയാണ് എന്നാണ് അറിയുന്നത്. ഇങ്ങനെ കാലിയായ കണ്ടെയ്നറുകളാണോ തീരത്ത് അടിഞ്ഞത് എന്ന് വ്യക്തമല്ല.
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെ രാസവസ്തുക്കൾ ഉണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. മറ്റു കണ്ടയ്നറുകളിൽ അപകടകാരികളായ രാസവസ്തുക്കൾ ഉണ്ടോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല.
തീരത്ത് അടിയുന്ന കണ്ടെയ്നറുകൾ കസ്റ്റംസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. കണ്ടെയ്നറുകൾ കണ്ടെത്തി സുരക്ഷിതമായി മാറ്റുന്നതിനും നിയമവിരുദ്ധ വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് നിയോഗിച്ചിട്ടുണ്ട്.
ഇപ്പോൾ കണ്ടെത്തുന്ന കണ്ടെയ്നറുകളിലെ അപകടകരമായ രാസവസ്തുക്കൾ മാറ്റിയശേഷം കൊച്ചി തുറമുഖത്തേക്ക് കൊണ്ടുപോകും. ഇങ്ങനെ കൊണ്ടുപോകാൻ കഴിയാത്തവ സമീപത്തെ കസ്റ്റംസ് ഓഫീസ് കസ്റ്റഡിയിലേക്ക് മാറ്റും.
കസ്റ്റംസ് ഏജൻറ് ബിൽ ഒഫ് എൻട്രി നൽകി കണ്ടെയ്നറിലെ വസ്തുക്കൾ വീണ്ടെടുക്കാം. ഇതിൽ കണക്കിൽ പെടാത്ത വസ്തുക്കൾ ഉണ്ടെങ്കിൽ അതിന് പിഴയും അധികനികുതിയും വരും.
ശേഷിച്ച കണ്ടെയ്നറുകളും കേരള തീരത്ത് അടിയാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. തീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞാൽ അപ്പോൾ തന്നെ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കാനും നിർദ്ദേശമുണ്ട്.
Summary: Four of the containers on the cargo ship that sank off the coast of Kochi washed up on the Kollam coast
COMMENTS