തൃശ്ശൂർ: അതിരപ്പിള്ളിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. വാഴിച്ചാൽ ശാസ്താപുരം ഊരിലെ അംബിക, സതീഷ് എന്നിവരാണ് കൊ...
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. വാഴിച്ചാൽ ശാസ്താപുരം ഊരിലെ അംബിക, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അംബികയും സതീഷും മറ്റു രണ്ടു പേരും കാട്ടിൽ വഞ്ചിക്കടവിൽ താൽക്കാലിക കുടിൽ കെട്ടി താമസിച്ചുകൊണ്ടാണ് വന വിഭവങ്ങൾ ശേഖരിച്ചിരുന്നത്.
രാത്രിയിൽ കാട്ടാനക്കൂട്ടം കുടിലിനടുത്ത് എത്തിയപ്പോൾ ഇവർ ഭയന്ന് ചിതറി ഓടുകയായിരുന്നു. ഇവരെ പിന്തുടർന്ന കാട്ടാനക്കൂട്ടത്തിൻ്റെ ഇടയിൽ അംബികയും സതീഷും പെട്ടുപോവുകയായിരുന്നു.
അംബികയുടെ മൃതദേഹം പുഴയിലും സതീഷിന്റെ മൃതദേഹം പാറപ്പുറത്തുമാണ് കണ്ടെത്തിയത്.
സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നു എന്നും സംശയമുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
മൃതദേഹങ്ങൾ ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
ഇവിടെ തന്നെ മലക്കപ്പാറയിൽ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടി കൊന്നിരുന്നു. മലക്കപ്പാറ അടിച്ചിൽ തൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്.
രണ്ട് കൂട്ടുകാർക്കൊപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സെബാസ്റ്റ്യൻ. രാത്രി 10 മണിയോടെയാണ് ആനയുടെ മുന്നിൽ പെട്ടത്.
കൂട്ടുകാർ ഓടി മാറിയെങ്കിലും സെബാസ്റ്റ്യന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് തലക്ഷണം തന്നെ സെബാസ്റ്റ്യൻ മരിക്കുകയായിരുന്നു.
Keywords: Wild elephant, Malakappara
COMMENTS