അഭിനന്ദ് ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവുര്‍ ഹുസൈന്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്കു വിട്ടുനല്കി. ഇന്ത്...
അഭിനന്ദ്
ന്യൂഡല്‍ഹി: മുംബയ് ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവുര്‍ ഹുസൈന്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്കു വിട്ടുനല്കി. ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് കുറ്റവാളിയെ പേറുന്ന വിമാനം അമേരിക്കയില്‍ നിന്നു പുറപ്പെട്ടു. രാവിലെയോടെ വിമാനം ഡല്‍ഹിയിലെത്തും.
റാണയെ കൈമാറുന്നത് തടയാനുള്ള എല്ലാ നിയമപരമായ വഴികളും അടഞ്ഞിരുന്നു. റാണയുമായുള്ള പ്രത്യേക വിമാനം വൈകുന്നേരമാണ് യുഎസില്‍ നിന്ന് പുറപ്പെട്ടത്.
വിമാനം നാളെ ഉച്ചയ്ക്ക് ഡല്‍ഹിയില്‍ ഇറങ്ങുമെന്നും ദേശീയ അന്വേഷണ ഏജന്‍സി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് ലഭിക്കുന്ന വിവരം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെയും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെയും സംയുക്ത സംഘമാണ് 64 കാരനായ റാണയെ തിരികെ കൊണ്ടുവരുന്നത്.
ഇയാളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൃത്യം നടന്ന മുംബയിലേക്കു കൊണ്ടുപോയി അവിടെ പൊലീസിനു കൈമാറും.
ക്രിമിനല്‍ ഗൂഢാലോചന, ഇന്ത്യാ ഗവണ്‍മെന്റിനെതിരെ യുദ്ധം ചെയ്യുക, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനായ തഹാവുര്‍ റാണ 166 പേരുടെ ജീവനെടുത്ത ആക്രമണങ്ങളില്‍ പ്രധാന പങ്ക് വഹിച്ചതായി ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.
2008ലെ ആക്രമണത്തിനു റാണ ലോജിസ്റ്റിക്കല്‍, സാമ്പത്തിക സഹായം നല്‍കിയിരുന്നതായി മുഖ്യപ്രതിയായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി പറഞ്ഞിരുന്നു. റാണയുടെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരനെന്ന വ്യാജേനയാണ് ആക്രമണത്തിന് മുമ്പ് ഹെഡ്ലി മുംബയില്‍ വന്നത്.
ഡെന്‍മാര്‍ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു പത്രം ആക്രമിക്കാനുള്ള പദ്ധതിക്കും ഇവര്‍ പിന്തുണ നല്‍കിയിരുന്നു. ഈ പദ്ധതി പാളിപ്പോയി. മുംബയ് ആക്രമണത്തിന് ഉത്തരവാദികളായ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്കിയത് റാണയായിരുന്നു.
മുംബയ് ആക്രമണത്തിന് ഒരു വര്‍ഷം കഴിഞ്ഞ്, ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) 2009 ഒക്ടോബറില്‍ ചിക്കാഗോയില്‍ വെച്ച് റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2011-ല്‍, ഗൂഢാലോചനയ്ക്ക് റാണ യുഎസില്‍ ശിക്ഷിക്കപ്പെട്ടു. ലോസ് ഏഞ്ചല്‍സിലെ ഒരു മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു ഇയാള്‍.
ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, 'വളരെ ദുഷ്ടനായ' റാണയെ കൈമാറുന്നതിന് തന്റെ ഭരണകൂടം അംഗീകാരം നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
'2008-ലെ മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തന്ത്രജ്ഞരില്‍ ഒരാളെയും ലോകത്തിലെ ഏറ്റവും ദുഷ്ടനായ ആളുകളില്‍ ഒരാളെയും ഇന്ത്യക്ക് കൈമാറുന്നതിന് എന്റെ ഭരണകൂടം അംഗീകാരം നല്‍കിയതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതിനാല്‍ വിചാരണ നേരിടാന്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്നു,' എന്നായിരുന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞത്.
2008 ല്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ തകര്‍ത്ത മൂന്ന് ദിവസത്തെ ആക്രമണം മുംബയിലെ ഹോട്ടലുകള്‍, ഒരു റെയില്‍വേ സ്റ്റേഷന്‍, ഒരു ജൂത കേന്ദ്രം എന്നിവ ലക്ഷ്യമിട്ടായിരുന്നു. ലഷ്‌കറെ തൊയ്ബയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്നില്‍ നിന്നു ചരടുവലിച്ചുവെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ചിരുന്നു.
Summary: The United States has extradited Tahawur Hussain Rana, one of the masterminds behind the Mumbai terror attacks, to India. The plane carrying the most wanted criminal wanted by India took off from America. The flight will reach Delhi by morning.
COMMENTS