ന്യൂഡല്‍ഹി : പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ലിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പി...
ന്യൂഡല്‍ഹി : പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ലിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങളോട് സഭയില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുപിഎ സര്‍ക്കാരിനെതിരെ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുന്നയിച്ചു.
പ്രതിപക്ഷത്തെയും വിമര്‍ശിച്ചു. വഖഫ് ബില്ലിന്റെ ഭാഗമല്ലാത്ത വിഷയങ്ങളില്‍ നിങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കിരണ്‍ റിജിജു ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെ ശക്തമായി എതിര്‍ക്കാനും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാനും പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ബില്‍ നാളെ രാജ്യസഭയിലും അവതിരിപ്പിച്ച് പാസാക്കാണ് സര്‍ക്കാരിന്റെ നീക്കം.
ഇന്നു ലോക്‌സഭയിലുണ്ടായിരിക്കണമെന്നു ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്കു വിപ്പ് നല്‍കി. രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ എംപിമാരോടു ഡല്‍ഹിയിലേക്കു മടങ്ങാന്‍ സിപിഎം നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് ബില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
ബില്ലിനെ എതിര്‍ത്ത് സഭയില്‍ കെ.സി. വേണുഗോപാല്‍ എംപി സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ വാദം തള്ളിയ അമിത് ഷാ, എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് എടുത്തുപറഞ്ഞു.
പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ ബില്‍ അവതരണം പുരോഗമിക്കുന്നത്. സ്പീക്കര്‍ പലപ്പോഴും ഇടപെടല്‍ നടത്തുന്നുണ്ട് .
Key Words: Waqf Amendment Bill, Lok Sabha, Kiran Rijiju
COMMENTS