Pictures have emerged of US marshals handing over Tahaaur Rana, one of the masterminds of the 2008 Mumbai terror attacks, to Indian authorities
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: 2008-ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരിലൊരാളായ തഹാവുര്‍ റാണയെ യുഎസ് മാര്‍ഷല്‍മാര്‍ ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
റാണയെ ഇന്ത്യയിലെത്തിച്ച് മണിക്കൂറുകള്‍ക്കകമാണ് യുഎസ് അധികൃതര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 9 ന് സുരക്ഷിത സ്ഥലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളുടെ കസ്റ്റഡിയില്‍ റാണയെ വിടുകയായിരുന്നു. ബീജ് നിറത്തിലുള്ള ജയില്‍ യൂണിഫോം ധരിച്ച റാണയുടെ അരയിലും കാലുകളിലും ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നതും കാണാം.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) പരിശീലിപ്പിച്ച പത്ത് ഭീകരര്‍ 2008 നവംബര്‍ 26 നും 29 നും ഇടയില്‍ മുംബയില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ റാണയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ബാല്യകാല സുഹൃത്തും സഹ-ഗൂഢാലോചനക്കാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുമായി ചേര്‍ന്നായിരുന്നു റാണ ഭീകരാക്രമണത്തിനു കളമൊരുക്കിയത്. ചിക്കാഗോ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ ബിസിനസ്സ് ഒരു മറയായി ഉപയോഗിച്ച് റാണ വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യയിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ വഴിയൊരുക്കി.
പാകിസ്ഥാനില്‍ എത്തി ലഷ്‌കറില്‍ നിന്ന് സൈനിക പരിശീലനം നേടിയ ഹെഡ്ലി, ആക്രമണത്തിന്റെ ലക്ഷ്യങ്ങള്‍ കണ്ടെത്തുകയും വീഡിയോ നിരീക്ഷണം നടത്തുകയും വിശദമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഷ്‌കര്‍ ഇ ടി പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
മുംബയ് ആക്രമണത്തിന് ശേഷം, ഒരു സംഭാഷണത്തില്‍, ഇരകള്‍ 'അതിന് അര്‍ഹരാണെന്ന്' റാണ പറയുകയും ആക്രമണകാരികളെ പ്രശംസിക്കുകയും ചെയ്യുന്ന സംഭാഷണം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയിരുന്നു. ഭീകരര്‍ പാകിസ്ഥാന്റെ പരമോന്നത സൈനിക ബഹുമതിയായ നിഷാന്‍-ഇ-ഹൈദറിന് അര്‍ഹരാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
2009-ല്‍, പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച ഒരു ഡാനിഷ് പത്രത്തെ ലക്ഷ്യമിട്ട് ലഷ്‌കറുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റത്തിന് റാണയെ അമേരിക്ക അറസ്റ്റുചെയ്തത്. 2013-ല്‍ ഒരു യുഎസ് കോടതി റാണയെ ലഷ്‌കറിനെ പിന്തുണയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തി 14 വര്‍ഷത്തെ ഫെഡറല്‍ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഇതേമസയം, ഡേവിഡ് ഹെഡ്ലി മുംബയ് ആക്രമണം ഉള്‍പ്പെടെ 12 തീവ്രവാദ ആരോപണങ്ങളില്‍ കുറ്റം സമ്മതിക്കുകയും 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയുമാണ്.
2020ല്‍ റാണയെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ റാണയുടെ അഭിഭാഷകര്‍ മോശം ആരോഗ്യവും പീഡന ഭീഷണിയും ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കുള്ള കൈമാറ്റം വൈകിപ്പിച്ചതിനാല്‍ നടപടിക്രമം ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടു.
ഫെബ്രുവരി 27-ന്, റാണ അവസാനത്തെ ഒരു 'എമര്‍ജന്‍സി അപേക്ഷ ഫോര്‍ സ്റ്റേ പെന്‍ഡിംഗ് ലിറ്റിഗേഷന്‍' ഫയല്‍ ചെയ്തു. ഒന്നിലധികം ഹൃദയാഘാതങ്ങള്‍, സ്റ്റേജ് 3 വൃക്കരോഗം, മൂത്രാശയ അര്‍ബുദം, ബോധക്ഷയത്തോടുകൂടിയ പാര്‍ക്കിന്‍സണ്‍സ് രോഗം, വിട്ടുമാറാത്ത ആസ്ത്മ എന്നിവയുണ്ടെന്നു കാട്ടി ഇന്ത്യയ്ക്കു കൈമാറുന്നത് മാറ്റിവയ്ക്കാന്‍ റാണ കഴിവതും ശ്രമിച്ചിരുന്നു.
റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഇന്ത്യയില്‍ എത്തിച്ച റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Summary: Pictures have emerged of US marshals handing over Tahaaur Rana, one of the masterminds of the 2008 Mumbai terror attacks, to Indian authorities. Rana can be seen wearing a beige jail uniform with chains around his waist and legs.
COMMENTS