അഭിനന്ദ് ഇന്ത്യയോട് പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലെങ്കിലും ചെറിയൊരു ഏറ്റുമുട്ടല്‍ പാകിസ്ഥാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നതാണ് സത്യം. പഹല്‍ഗ...
അഭിനന്ദ്
ഇന്ത്യയോട് പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലെങ്കിലും ചെറിയൊരു ഏറ്റുമുട്ടല്‍ പാകിസ്ഥാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നതാണ് സത്യം. പഹല്‍ഗാം കൂട്ടക്കൊലക്കു പിന്നിലെ കാരണങ്ങളിലൊന്ന് ഈ ഏറ്റുമുട്ടല്‍ മോഹം തന്നെയാണെന്നു പിന്നാമ്പുറ സത്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
യുദ്ധം പോലെ ഒന്നും ഒരു രാജ്യത്തെ ഒന്നിപ്പിക്കുന്നില്ലല്ലോ. സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ആകെയുള്ള നാല് പ്രവിശ്യകളില്‍ രണ്ടിടത്തും സായുധ വിമതര്‍ കലാപത്തിലാണ്. സൈന്യത്തിന്റെ ജനപ്രീതി എന്നത്തേതിലും താഴ്ന്ന നിലയിലാണ്.
1971-ലെ പിളര്‍പ്പിന് ശേഷം പാകിസ്ഥാന്‍ വീണ്ടും പിളരുന്നതിന്റെ വക്കിലാണ്. ഒരു മിനി-യുദ്ധത്തിന് ഒന്നിലധികം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പാക് സേന കണക്കുകൂട്ടുന്നത്.
പഹല്‍ഗാം കൂട്ടക്കൊലയ്ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ, എപ്പോള്‍ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. പാകിസ്ഥാന്‍ സേനാ തലവന്‍ ജനറല്‍ അസിം മുനീര്‍ എങ്ങനെയും ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നു എ്ന്നതാണ് സത്യം.
1947-ല്‍ രൂപീകൃതമായതുമുതല്‍ പാക്കിസ്ഥാന്റെ ഭീകരവാദ കയറ്റുമതിയുടെ ഇരയാണ് ഇന്ത്യ. പക്ഷേ, പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ഇന്ത്യയില്‍ നടത്തിയിട്ടുള്ളവയില്‍ നിന്നു വ്യത്യസ്തമായിരുന്നു പഹല്‍ഗാം ആക്രമണം.
ഏപ്രില്‍ 22-ന് തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ കൂട്ടക്കൊല ചെയ്തത് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപ ഘടകമായ റെസിസ്റ്റന്‍സ് ഫ്രണ്ടാണെന്നു വ്യക്തമായിട്ടുണ്ട്. ലഷ്‌കര്‍ കമാന്‍ഡറായ സൈഫുള്ള കസൂരിയാണ് മുഖ്യസൂത്രധാരനെന്നാണ് റിപ്പോര്‍ട്ട്.
വിനോദസഞ്ചാരികളെ ലക്ഷ്യം വയ്ക്കുന്നതിനപ്പുറം രാജ്യത്ത് മത സ്പര്‍ദ്ധ വളര്‍ത്താന്‍ പാകത്തില്‍ അമുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് കൊന്നത് ഇതുവരെ ഇല്ലാത്ത രീതിയാണ്. പഹല്‍ഗാം ആക്രമണത്തെ സമീപ വര്‍ഷങ്ങളില്‍ നടന്നവയില്‍ നിന്നു വ്യത്യസ്തമാക്കുന്നതും ഇതു തന്നെയാണ്.
ഈയിടെ ജനറല്‍ അസിം മുനീര്‍ വര്‍ഗീയ വിഷം തുപ്പിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. 'ജീവിതത്തിന്റെ സാധ്യമായ എല്ലാ മേഖലകളിലും നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചിരുന്നു. നമ്മുടെ മതം വ്യത്യസ്തമാണ്. നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്... അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനം,' എന്നായിരുന്നു ഏപ്രില്‍ 16-ന് മുനീര്‍ പറഞ്ഞത്. ആ പ്രസംഗം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് പഹല്‍ഗാം ആക്രമണം ഉണ്ടായിരിക്കുന്നത്.
പാക് സൈനിക മേധാവികള്‍ പണ്ടും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, അവര്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് സാധാരണമല്ല.
''രണ്ട് ദിവസം മുമ്പ് അസിം മുനീര്‍ വര്‍ഗീയവിഷം തുപ്പിയത് വെറുതെയല്ലെന്നും ഇരകളുടെ മതം ചോദിച്ച് അവരോട് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു കൊലപതാകം എന്നതും ശ്രദ്ധിക്കണമെന്നു വൈദ് പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണവുമായി തങ്ങളുടെ രാജ്യത്തിന് ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞെങ്കിലും ഇന്ത്യ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല.
സമീപ വര്‍ഷങ്ങളില്‍ ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതിനാല്‍, വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം ലഭിച്ചിരുന്നു. കശ്മീരിന്റെ സുസ്ഥിരത തകര്‍ക്കുക എന്ന ലക്ഷ്യവും ആക്രമണത്തിനു പിന്നിലുണ്ടായിരുന്നു.
കൂട്ടക്കൊലയുമായി ബന്ധമില്ലെന്ന് ഇസ്ലാമാബാദ് ആണയിടുമ്പോഴും പാക് സൈനിക സംവിധാനത്തിന്റെ പിന്തുണയില്ലാതെ ജമ്മു കശ്മീരില്‍ ഇത്തരത്തിലുള്ള ഒരു ഭീകരാക്രമണം നടക്കില്ലെന്ന് ഉറപ്പാണ്. പാകിസ്ഥാനിലെ എസ്എസ്ജി കമാന്‍ഡോകളാണ് ഭീകരരായി വേഷമിട്ട് ആക്രമണം നടത്തുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ ഡിജിപി എസ്പി വൈദ് പറഞ്ഞതും ശ്രദ്ധേയമാണ്.
സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കല്‍, പാകിസ്ഥാനികള്‍ക്കുള്ള വിസ റദ്ദാക്കല്‍, പാകിസ്ഥാന്‍ ഹൈക്കമ്മിഷന്റെ അംഗബലം കുറയ്ക്കല്‍ തുടങ്ങിയ നയതന്ത്ര ആക്രമണമാണ് ഇന്ത്യ ബുധനാഴ്ച തുടങ്ങിവച്ചത്. നയതന്ത്ര നടപടികള്‍ക്കപ്പുറം ചിലതു നടക്കുമെന്ന് പലരും കണക്കുകൂട്ടുന്നു.
ഈ നടപടികള്‍ ഇന്ത്യന്‍ പൗരന്മാരുടെ രോഷം ശമിപ്പിക്കാന്‍ പര്യാപത്മല്ലെന്നാണ് നയതന്ത്ര വിദഗ്ധനായ ഫറാന്‍ ജെഫ്രി പറയുന്നത്. 2016-ലെ ഉറി ആക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കുകളും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നടത്തിയ വ്യോമാക്രമണവും പോലെ ചില തിരിച്ചടികളാണ് പലരും ആവശ്യപ്പെടുന്നത്.
ബിഹാറിലെ ഒരു റാലിയില്‍ ഹിന്ദിയില്‍ ഹിന്ദിയില്‍ പ്രസംഗിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പൊടുന്നെ ഇംഗ്‌ളീഷില്‍ പറഞ്ഞ വാക്കുകള്‍ പാകിസ്ഥാനുള്ള താക്കീതും ലോകത്തിനുള്ള മുന്നറിയിപ്പുമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
'ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും. ഞങ്ങള്‍ അവരെ ഭൂമിയുടെ അറ്റം വരെ പിന്തുടരും.' മോഡിയുടെ ഈ വാക്കുകളില്‍ കനത്ത മുന്നറിയിപ്പ് വായിച്ചെടുക്കാനാവും.
തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ മേഖലയിലെ താവളങ്ങളിലേക്ക് അടുപ്പിച്ചതായി വാര്‍ത്തകളുണ്ട്.
ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു സമ്പൂര്‍ണയുദ്ധത്തിനു സാദ്ധ്യത കുറവാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. 1947, 1965, 1999 വര്‍ഷങ്ങളില്‍ കാശ്മീരിനെച്ചൊല്ലി മൂന്ന് യുദ്ധങ്ങള്‍ നടന്നിയിട്ടുണ്ട്.
പരിമിതമായ യുദ്ധം ഒരു സാധ്യതയാണ്, ജനറല്‍ മുനീറിന് അത് അറിയാം. മുനീറിനു പാകിസ്ഥാനില്‍ ജനപ്രീതി നാള്‍ക്കുനാള്‍ ഇടിയുകയാണ്. ഇന്ത്യന്‍ സേനാ തലവനെ പോലെയല്ല പാകിസ്ഥാനിലെ സേനാ മേധാവി. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അതുകൊണ്ടു തന്നെ അവരുടെ ജനസമ്മതി അവിടെ ചര്‍ച്ചാവിഷയമാണ്. പാക്കിസ്ഥാന്‍ സേന മുന്‍പില്ലാത്ത സമ്മര്‍ദ്ദത്തിലുമാണ്.
പാകിസ്ഥാന്‍ ആര്‍മി തലവന്‍ ജനസമ്മതി വര്‍ദ്ധിപ്പിക്കാനും തന്റെ വിശ്വാസ്യത തെളിയിക്കാനുമായി ഒരു ഏറ്റുമുട്ടല് ആഗ്രഹിക്കുന്നവെന്നാണ് ജമ്മു കശ്മീര്‍ മുന്‍ ഡിജിപി വൈദിന്റെ വിലയിരുത്തല്‍.
ബലൂചിസ്ഥാനില്‍ ബലൂച് വിമതര്‍ പാക് പട്ടാളത്തെ പൊരിക്കുമ്പോള്‍ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഖൈബര്‍-പഖ്തൂണ്‍ഖ്വയില്‍ അഴിഞ്ഞാടുകയാണ്. സിന്ധില്‍ ഒരു കനാല്‍ പദ്ധതിയുടെ പേരില്‍ ജനം സര്‍ക്കാരിനും സേനയ്ക്കുമെതിരാണ്. പഞ്ചാബില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലടച്ചതില്‍ ജനം രോഷാകുലരാണ്.
പാകിസ്ഥാന്റെ ചില ഭാഗങ്ങളിലൂടെ ഒരു ട്രെയിന്‍ ഓടാന്‍ സുരക്ഷ ഒരുക്കാന്‍ പോലും ജനറില്‍ മുനീറിനു കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹം കശ്മീര്‍ കാര്‍ഡ് കളിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രതിരോധ വിദഗ്ധന്‍ കേണല്‍ രോഹിത് ദേവ് (റിട്ട) പറയുന്നത്.
പാകിസ്ഥാനില്‍ യൂണിഫോമിലുള്ള ആളുകള്‍ക്ക് നേരെയുള്ള സമീപകാല പ്രതിഷേധങ്ങളും ആക്രമണങ്ങളും അവര്‍ക്കെതിരായ രോഷത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. സൈന്യം പാകിസ്ഥാനില്‍ സര്‍വ്വശക്തരും രാജ്യം ഭരിക്കുന്നവരുമാണെങ്കിലും, ജനറല്‍ മുനീറിന് അധികകാലം ജനവികാരം അവഗണിക്കാനാവില്ല. ഈ ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്ന് ഒരു അടി ഇരുന്നുവാങ്ങാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്.
പരിമിതമായ യുദ്ധം ഉള്‍പ്പെടെയുള്ള ഏത് പ്രത്യാക്രമണവും ഇതിനകം തകര്‍ന്നുകിടക്കുന്ന പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കും. ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയം വ്യാഴാഴ്ച പാകിസ്ഥാന്റെ ഓഹരി വിപണിയെ തകര്‍ത്തു. ഓഹരി സൂചിക 1,000 പോയിന്റ് ഇടിഞ്ഞു.
ഭിക്ഷാപാത്രവുമായി പാകിസ്ഥാന്‍ നേതാക്കള്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ലോക ബാങ്കില്‍ നിന്ന് 7-ബില്യണ്‍ ഡോളര്‍ എക്‌സ്റ്റെന്‍ഡഡ് ലോണ്‍ നേടിയെടുത്തതുകൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്.
അപ്പോഴും സൈന്യം അതിന്റെ ബജറ്റ് കേടുകൂടാതെ സൂക്ഷിക്കുന്നു. പട്ടാളത്തെ സംബന്ധിച്ച് സമ്പദ് വ്യവസ്ഥ അവരുടെ വിഷയമല്ല. കഴിഞ്ഞയാഴ്ച മുനീര്‍ നടത്തിയ ഹിന്ദു വിരുദ്ധ പ്രസംഗവും അതിലൂടെ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിയതും സേനയും സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമായാണ് പലരും വ്യാഖ്യാനിക്കുന്നത്.
'പാകിസ്ഥാന്‍ രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഞങ്ങള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഒറ്റക്കെട്ടാണ്. ഇന്ത്യ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍, പിഎംഎല്‍-എന്‍, പിപിപി, പിടിഐ, ജെയുഐ എന്നിവരെല്ലാം മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ പതാകയ്ക്കു കീഴില്‍ അണിനിരക്കുമെന്നാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അംഗമായ പാകിസ്ഥാന്റെ മുന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ പറഞ്ഞത്. ഇതു തന്നെയാണ് മുനീറിനു വേണ്ടതും.
ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള ആദ്യ പൊതു പ്രതികരണം സൂചിപ്പിച്ചത് ഇന്ത്യ തിരിച്ചടിച്ചാല്‍ അമേരിക്ക എതിര്‍ക്കില്ലെന്നു തന്നെയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക മാത്രമല്ല, ലോകം മുഴുവന്‍ ഇന്ത്യയെ പിന്തുണയ്ക്കുകയാണ്.
ഇവിടെയാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടതും. ഇന്ത്യ തിരിച്ചടിക്കുമ്പോള്‍ പാകിസ്ഥാന്റെ നിലവിലെ പരാധീനത കൂടി കണക്കിലെടുക്കേ്ടതുണ്ട്. ജനറല്‍ അസിം മുനീറിന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുന്നതൊന്നും ഇന്ത്യ ചെയ്യാന്‍ പാടില്ല.
അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കുകയും നദീജലം പാകിസ്ഥാനിലെത്താതെ ഒരു വര്‍ഷമെങ്കിലും തടയുകയും ചെയ്താല്‍ തന്നെ പാകിസ്ഥാനു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കുമത്. ഭീകരത ഒഴിച്ചാല്‍ ഇന്ത്യയ്ക്കു പാകിസ്ഥാന് തരാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ വ്യോമാതിര്‍ത്തി അടയ്ക്കുക മാത്രമാണ്.
summary: The truth is that Pakistan now wants a limited confrontation even though it is not capable of keeping up with India. If we look at the facts behind it, it will be clear that one of the reasons behind the Pahalgam massacre is this lust for confrontation.
COMMENTS