സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : വഖഫ് ഭേദഗതി ബില്‍ ആയുധമാക്കി ക്രൈസ്തവ സമൂഹത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്ന് കേരളത്തില്‍ വേരുക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : വഖഫ് ഭേദഗതി ബില്‍ ആയുധമാക്കി ക്രൈസ്തവ സമൂഹത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്ന് കേരളത്തില്‍ വേരുകളാഴ്ത്താമെന്ന ബിജെപിയുടെ പ്രതീക്ഷ പാളുന്നു.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച മന്ത്രി കിരണ്‍ റിജിജു തന്നെയാണ് മുനമ്പത്ത് വന്ന് ബിജെപിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയിരിക്കുന്നത്. വഖഫ് ബില്‍ പാസ്സാകുന്നതോടെ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമി തിരിച്ചുകിട്ടുമെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.
ഇതു വിശ്വസിച്ച് ക്രിസ്തീയ സഭയും ബിജെപി അനുകൂല നിലപാടിലേക്ക് പോയിരുന്നു. വഖഫ് ബില്ലിന്റെ നേട്ടം കൊയ്യാനായി മുനമ്പത്ത് ബിജെപി മുന്‍കൈയെടുത്ത് നന്ദി മോദി പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
ഇതില്‍ മുഖ്യാതിഥിയായി എത്തിയത് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആയിരുന്നു. വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യം കിട്ടുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുനമ്പത്തുകാര്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ സുപ്രീം കോടതിയില്‍ നീണ്ട നിയമപോരാട്ടം നടത്തേണ്ടി വരുമെന്നും കിരണ്‍ റിജിജു പൊതുയോഗത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കേരളത്തിലെ ബിജെപി നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാനായി സംഘടിപ്പിച്ച ചടങ്ങ് ബിജെപിക്ക് തന്നെ വലിയ തിരിച്ചടി ഉണ്ടാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയി.
ഇതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പലരും കടുത്ത അതൃപ്തിയിലാണ്. കേന്ദ്രമന്ത്രി ഇങ്ങനെ വെട്ടിത്തുറന്ന് പറയേണ്ടിയിരുന്നില്ല എന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തമ്മില്‍ അടക്കം പറയുന്നത്.
കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ക്ക് പെട്ടെന്നുതന്നെ സിറോ മലബാര്‍ സഭയില്‍ നിന്ന് മറുപടിയും വന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുനമ്പത്തുകാരെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് സഭാ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞത്. ബില്ലിന് മുന്‍കാല പ്രാബല്യം വേണമെന്ന് ആവശ്യം കേന്ദ്രം പരിഗണിക്കാതിരുന്നത് നിരാശ ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിരാശാജനകമാണെന്ന് മുനമ്പം സംരക്ഷണ സമിതി പ്രതികരിച്ചു. വലിയ പ്രതീക്ഷയാണ് കേന്ദ്രമന്ത്രിയില്‍ ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്താനാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നും സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പറഞ്ഞു.
മുനമ്പം പ്രശ്‌നത്തിന് അടിയന്തര പരിഹാരം പ്രതീക്ഷിച്ച തങ്ങള്‍ക്ക് നിരാശയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കുളം കലക്കി മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് അറിയാതെ സത്യം വീണുപോയെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുനമ്പത്തുകാരെ ബിജെപി പറഞ്ഞുപറ്റിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
മുനമ്പം വിഷയത്തില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ നാടകം പൊളിഞ്ഞു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.
മുനമ്പത്തുകാരെ ബിജെപി വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ആകാത്ത അത്ര പ്രതിരോധത്തിലാണ് ഇപ്പോള്‍ ബിജെപി. മുനമ്പം വിഷയം മുന്‍നിര്‍ത്തി കേരളത്തില്‍ വലിയൊരു മുന്നേറ്റം സഭയെ കൂട്ടുപിടിച്ച് ഉണ്ടാക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
അദ്ദേഹത്തിന്റെ പദ്ധതികളും പ്രതീക്ഷയും എല്ലാം കേന്ദ്രമന്ത്രിയുടെ വാക്കുകളോടെ പൊളിഞ്ഞിരിക്കുകയാണ്. മുനമ്പം വിഷയത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും ഇവിടുത്തെ നിവാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് കേരള സര്‍ക്കാര്‍ ആണെന്നും കേന്ദ്രമന്ത്രി സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഫലത്തില്‍ ഡല്‍ഹിയില്‍ നിന്നു കേന്ദ്രമന്ത്രിയെ കേരളത്തില്‍ കൊണ്ടുവന്ന് സ്വയം ഒരു വയ്യാവേലി എടുത്തു ചുമലില്‍ വച്ചിരിക്കുകയാണ് ബിജെപി.
Summary: The BJP's hope to get aroot in Kerala by using the Waqf Amendment Bill as a weapon to bring the Christian community to its side is dashed. The BJP leaders had said that once the Waqf Bill is passed, the Munambam residents will get their land back.
COMMENTS