ന്യൂഡല്‍ഹി : 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുമായുള്ള വിമാനം യുഎസില്‍നിന്നും ഡല്‍ഹിയിലെത്തി. സുരക്ഷ മുന്‍നിര്‍ത്...
ന്യൂഡല്‍ഹി : 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുമായുള്ള വിമാനം യുഎസില്‍നിന്നും ഡല്‍ഹിയിലെത്തി. സുരക്ഷ മുന്‍നിര്‍ത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, തഹാവൂര്‍ ഹുസൈന്‍ റാണയുടെ വരവിന് മുന്നോടിയായി ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹി പൊലീസിന്റെ വാഹനങ്ങള്‍ വിമാനത്താവളത്തിലെത്തി. ജയില്‍വാന്‍, പൈലറ്റ് കാര്‍, എസ്‌കോര്‍ട്ട് കാര്‍ എന്നിവയും എയര്‍പോര്‍ട്ടിലെത്തിയിരുന്നു. എന്‍ ഐ എയുടെ ഓഫീസിലേക്ക് പ്രതിയെ കൊണ്ടുവരുമ്പോള്‍ സുരക്ഷ ഒരുക്കാനാണ് ഈ വാഹനങ്ങള്‍. ഡല്‍ഹി പൊലീസിന്റെ തേര്‍ഡ് ബെറ്റാലിയന്‍ ടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ ഹുസൈന്‍ റാണ ലോസ് ആഞ്ജലിസിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താന്‍ മതത്തിന്റെ പേരില്‍ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും റാണ യു എസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക് - യു എസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.2019-ലാണ് തഹാവൂര്‍ ഹുസൈന്‍ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്.
റാണയ്ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാള്‍ഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചര്‍ച്ചയായി. ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള റാണയുടെ ഹര്‍ജികള്‍ യുഎസ് സുപ്രീംകോടതി തളളി. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ യു എസ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ എത്തിക്കുന്ന റാണ തുടക്കത്തില്‍ എന്‍ ഐ എ കസ്റ്റഡിയിലായിരിക്കും. 2008-ല്‍ മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പുളള ദിവസങ്ങളില്‍ തഹാവൂര്‍ ഹുസൈന്‍ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാള്‍ ഇന്ത്യവിട്ട് ദിവസങ്ങള്‍ക്കുളളിലാണ് ഭീകരാക്രമണം നടന്നത്. ഡേവിഡ് കോള്‍മാനുമായി ചേര്‍ന്ന് അമേരിക്കയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.
Key Words: Tahawwur Rana, Mumbai Attack
COMMENTS