തിരുവനന്തപുരം: സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐ എ എസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറി നേരിട്ട്...
തിരുവനന്തപുരം: സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐ എ എസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ എൻ പ്രശാന്ത് ഐ എ എസിന് നോട്ടീസ് നല്‍കി.
കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്. നവംബര്‍ 11 നായിരുന്നു സസ്പെൻഡ് ചെയ്തത്.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമായിരുന്നു സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ഉണ്ടായിരുന്നത്. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.
Key Words: Chief Minister, Pinarayi Vijayan, IAS Officer N Prashanth
COMMENTS