കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകളുമായാണ് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ക്ഷേത്ര ദര്‍ശനം നടത്തിയും മലയാളി...
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകളുമായാണ് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ക്ഷേത്ര ദര്‍ശനം നടത്തിയും മലയാളികള്‍ ആഘോഷ ലഹരിയിലാണ്. വിഷുപ്പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ഓട്ടുരുളിയില്‍ നിറച്ചുവച്ച ഫല - ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കണിവെള്ളരി, കണിക്കൊന്ന, കോടിമുണ്ട്, കൈനീട്ടം തുടങ്ങി തനത് ശൈലിയില്‍ തന്നെ ഇത്തവണയും നാട് വിഷു ആഘോഷിക്കുന്നു. കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. മലയാളികളുടെ പ്രധാന ആഘോഷങ്ങളിലൊന്നായ വിഷുദിനം പിറക്കുംമുമ്പേ പടക്കങ്ങള്‍ പൊട്ടിച്ച് നാട് ഉത്സവ ലഹരിയിലേക്ക് എത്തി.
വിഷുക്കണി കാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് പുലര്‍ച്ചെ അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2:45 മുതല്‍ 3:45 വരെ ആയിരുന്നു. ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്തായാണ് വിഷുക്കണി ഒരുക്കിയത്. സ്വര്‍ണ സിംഹാസനത്തില്‍ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിച്ചു. തൊഴുതു വരുന്നവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടവും നല്‍കി. ക്ഷേത്രത്തില്‍ കാഴ്ചശീവേലിയോടെയാണ് വിഷു വിളക്ക് ആഘോഷം ആരംഭിച്ചത്. സ്‌പെഷ്യല്‍, വിഐപി ദര്‍ശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അതേസമയം, ശബരിമല ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലുമണിയ്ക്കാണ് വിഷുക്കണി ദര്‍ശനം ആരംഭിച്ചത്. ഇത് ഏഴുമണിവരെ തുടരും. ഇന്ന് രാവിലെ ഏഴ് മുതലാണ് അഭിഷേകം നടക്കുക.
മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും എത്തിയിരുന്നു. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രിയും വിഷുവിന്റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്ന് ഗവര്‍ണറും ആശംസിച്ചു.
Key Words: Vishu
COMMENTS