Actress attacked case
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് തന്നെയാണെന്നും ഇതിനായി ഒന്നര കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തതെന്നും ഇതില്‍ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും സുനി പറയുന്നു.
സിനിമാ രംഗത്ത് ഇത് പതിവാണെന്നും മുന്‍പും മറ്റ് പല നടിമാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഈ നടി മാത്രമാണ് വിവരം പുറത്തുപറഞ്ഞതെന്നും സുനി പറയുന്നു.
ദിലീപിന്റെ കുടുംബം തകര്‍ത്തത് ഈ നടിയായതിനാലുള്ള വൈരാഗ്യമാണ് ക്വട്ടേഷന്‍ നല്‍കിയതിന് പിന്നിലെന്നും ബലാത്സംഗത്തിലൂടെ നടിയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി പറയുന്നു.
സംഭവസമയത്ത് താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നെന്നും എല്ലാം തത്സമയം വേറെ ചിലര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും അയാള്‍ പറയുന്നു.
അതേസമയം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നടിക്ക് അറിയാമായിരുന്നെന്നും ആക്രമം ഒഴിവാക്കിയാല്‍ തനിക്ക് പണം നല്‍കാമെന്ന് അവര്‍ പറഞ്ഞിരുന്നതായും അങ്ങനെ ചെയ്തിരുന്നെങ്കില്‍ തനിക്ക് ജയിലില്‍ പോകേണ്ടി വരില്ലായിരുന്നെന്നും സുനി പറയുന്നു.
അതേസമയം കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധിയോടടുക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
Keywords: Actress attacked case, Pulsar Suni, Dileep
COMMENTS