Actor Shine Tom Chacko escaped during police drug inspection
കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ നടനും കൂട്ടരും ഇറങ്ങിയോടിയത്.
ഹോട്ടലില്‍ നിന്ന് നടന്‍ ജനല്‍ ചാടി ഓടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിശോധനയെക്കുറിച്ച് നടന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായാണ് സൂചന. റിസപ്ഷനിൽ നിന്ന് നടനെ പോലീസ് വന്ന വിവരം വിളിച്ചറിയിച്ചതായി സംശയമുണ്ട്.
പരിശോധനയില്‍ ലഹരി വസ്തുക്കളൊന്നും കണ്ടെത്താനുമായില്ല.
ഹോട്ടലിന്റെ മൂന്നാം നിലയിലെ 314 നമ്പർ റൂമിലായിരുന്നു ഷൈൻ താമസിച്ചിരുന്നത്. ഡാൻസാഫ് സംഘം കതകിൽ മുട്ടിയപ്പോൾ നടൻ ജനൽ വഴി താഴേക്ക് ചാടി. 'അവിടെനിന്ന് അദ്ദേഹം വന്നു വീണത് രണ്ടാം നിലയിലെ ഷീറ്റിന് മുകളിലാണ്. ഷീറ്റ് പൊട്ടി രണ്ടാം നിലയിൽ നിന്ന് നടൻ നീന്തൽ കുളത്തിലേക്ക് പതിച്ചു. അവിടെ നിന്ന് ഓടി പടിക്കെട്ടുകൾ ഇറങ്ങി പുറത്തെത്തി.
അതുവഴി വന്ന ഒരു ഇരുചക്ര വാഹനത്തിന് കൈകാണിച്ചു നടൻ അതിൽ കയറി രക്ഷപ്പെടുകയായിരുന്നു.
നടനുവേണ്ടി പോലീസ് തിരച്ചിൽ നടത്തുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇത്രയും സാഹസപ്പെട്ട് നടൻ രക്ഷപ്പെട്ടത് കൈവശം എന്തെങ്കിലും ഉള്ളതു കൊണ്ടായിരിക്കാം എന്ന സംശയത്തിലാണ് പോലീസ്.
ഇതേസമയം, ഷൈന്‍ ടോം ചാക്കോ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കും ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ നടി പരാതിയും നല്‍കിയിരുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് പരാതി. നടിയുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താരസംഘടന അമ്മയും ഫിലിം ചേംബറും അറിയിച്ചിട്ടുമുണ്ട്.
Keywords: Shine Tom Chacko, Drug case, Inspection, Police, Escape
COMMENTS