സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വിവാദങ്ങളെ തുടര്‍ന്ന് എംപുരാന്‍ സിനിമയില്‍ നിന്ന് 24 രംഗങ്ങള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. വലതുപക്ഷ ഗ്രൂ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വിവാദങ്ങളെ തുടര്‍ന്ന് എംപുരാന്‍ സിനിമയില്‍ നിന്ന് 24 രംഗങ്ങള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. വലതുപക്ഷ ഗ്രൂപ്പുകളുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് എമ്പുരാന്റെ നിര്‍മ്മാതാക്കള്‍ സ്വയം വെട്ടിത്തിരുത്തലിനു തയ്യാറായി എന്നാണ് പൊതുവേ പുറത്തു പറയുന്നത്.
ചിത്രത്തിലെ വില്ലന്റെ പേര് ബജ്റംഗിയില്‍ നിന്ന് ബല്‍ദേവ് എന്നാക്കി മാറ്റിയതാണ് പ്രധാന തിരുത്ത്. മഞ്ജു വാര്യരുടെ കഥാപാത്രത്തെ അറസ്റ്റു ചെയ്യാനെത്തുന്ന കാറില്‍ നിന്ന് 'എന്‍ഐഎ' യുടെ നെയിംപ്ലേറ്റ് നീക്കം ചെയ്തു. കലാപത്തിന് ഇരായായവര്‍ പോകുന്ന വാഹനം ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണിക്കുന്നതും മാറ്റി. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന് രംഗവും മുറിച്ചിട്ടുണ്ട്.
അക്രമത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവം കാണിക്കാതെ 2002 ലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്നുവെന്ന് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് തിരുത്തുകള്‍. മൊത്തം 2.08 മിനിറ്റ് രംഗങ്ങളാണ് നീക്കം ചെയ്തത്.
ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കുള്ള നന്ദി കാര്‍ഡും നീക്കം ചെയ്തു. തനിക്കുള്ള നന്ദി കാര്‍ഡ് നീക്കം ചെയ്യണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ റീ-എഡിറ്റ് ചെയ്ത് റീ-സെന്‍സര്‍ ചെയ്ത പതിപ്പ് എപ്പോള്‍ തീയറ്ററില്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഗുജറാത്ത് കലാപക്കേസിലെ പ്രതികളിലൊരാളായ (പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട) ബജ്റംഗ്ദളിന്റെ ഗുജറാത്ത് വിഭാഗം നേതാവ് ബാബു ബജ്റംഗിയെന്നു തോന്നിക്കുന്ന വിധത്തിലാണ് വില്ലനെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വില്ലന്റെ ബജ്രംഗി എന്ന പേര് ബല്‍ദേവ് എന്നാക്കിയത്.
മോഹന്‍ലാലിന് സിനിമയുടെ കഥയെക്കുറിച്ച് പൂര്‍ണ്ണമായി അറിയില്ലായിരുന്ന എന്ന അഭ്യൂഹങ്ങള്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നിഷേധിച്ചു. റിലീസിന് മുമ്പ് മോഹന്‍ലാല്‍ സിനിമ മുഴുവന്‍ കണ്ടിരുന്നുവെന്നും കഥയെ കുറിച്ച് പൂര്‍ണ്ണ ബോധവാനായിരുന്നുവെന്നും ആന്റണി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തിലെ സൂപ്പര്‍താരത്തിന് കഥാഗതിയെക്കുറിച്ച് അറിയില്ലായിരുന്നു എന്ന മേജര്‍ രവിയുടെ പ്രസ്താവനയും അദ്ദേഹം തള്ളി.
സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനെ എംപുരാന്‍ ടീം ഒറ്റപ്പെടുത്തുന്നുവെന്ന ആരോപണവും ആന്റണി നിഷേധിച്ചു. 'ഞങ്ങള്‍ അദ്ദേഹത്തെ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ല, വര്‍ഷങ്ങളായി ഞങ്ങള്‍ നല്ല പരിചയമാണ്, ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് വിവാദം ഉണ്ടാക്കാന്‍ വേണ്ടി നിര്‍മ്മിച്ചതല്ല,' ആന്റണി പറഞ്ഞു.
സിനിമയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാപ്രവര്‍ത്തകര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായുള്ള വാര്‍ത്തകള്‍ ആന്റണി പാടേ നിഷേധിച്ചു. 'എമ്പുരാന് മുമ്പ് ഞങ്ങള്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ശരിയാണെന്ന് തോന്നുന്ന സിനിമകള്‍ മാത്രമേ ഞങ്ങള്‍ നിര്‍മ്മിക്കൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ചിത്രം വീണ്ടും സെന്‍സറിംഗിനു സമര്‍പ്പിച്ചതെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ വീണ്ടും സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് പുറത്തുനിന്നുള്ള സമ്മര്‍ദ്ദമോ ഭീഷണിയോ മൂലമല്ലെന്നും ആന്റണി പറഞ്ഞു. ''ഞങ്ങള്‍ സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായി ജീവിക്കുന്നതിനാല്‍, തെറ്റാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ക്ക് തോന്നി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: Reportedly, 24 scenes have been removed from the movie Empuran due to controversies. The major change was the name of the villain in the film was changed from Bajrangi to Baldev.
COMMENTS