ഡമാസ്‌കസ് : വീണ്ടും കലാപഭൂമിയായി സിറിയ. അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000ത്തോളമായെന്ന്...
ഡമാസ്‌കസ് : വീണ്ടും കലാപഭൂമിയായി സിറിയ. അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000ത്തോളമായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലതാകിയയിലെ തീരദേശ പ്രവിശ്യയിലാണ് ആയുധധാരികളായ അസദ് അനുകൂലികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ എന്ന പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പര്‍വതപ്രദേശമായ തീരപ്രദേശത്ത് സംഘടിച്ച അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അസദ് അനുകൂലികളെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയുമെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു. ഡിസംബറില്‍ വിമതര്‍ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് കാലഘട്ടത്തിലെ കമാന്‍ഡറായ സുഹൈല്‍ അല്‍-ഹസ്സനുമായി ബന്ധമുള്ള തോക്കുധാരികള്‍ സുരക്ഷാ പട്രോളിംഗും ചെക്ക്പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന് മറുപടിയായി, സേന ലതാക്കിയയിലെ ഒരു ഗ്രാമത്തില്‍ ഹെലികോപ്റ്റര്‍ ആക്രമണം നടത്തി.
സുഹൈല്‍ അല്‍-ഹസ്സന്‍, അസദിന്റെ കീഴില്‍ ഒരു പ്രധാന സൈനിക കമാന്‍ഡറായിരുന്നു, 2015-ല്‍ വിമതര്‍ക്കെതിരായ പ്രധാന യുദ്ധങ്ങളില്‍ പ്രത്യേക സേനയെ നയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ജബ്ലെയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ജബ്ലെ മേഖലയിലേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
Key Words : Syria, Clash, Death
COMMENTS