ന്യൂഡല്‍ഹി: അപ്രതീക്ഷിതമായ 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതില്‍ അതീവ സന്തോഷവതിയെന്ന് അടുത്ത ബന്ധു ഫാല്‍ഗുനി ...
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായ 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതില്‍ അതീവ സന്തോഷവതിയെന്ന് അടുത്ത ബന്ധു ഫാല്‍ഗുനി പാണ്ഡ്യ. കുടുംബം ഒന്നിച്ച് അവധിക്കാലം ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്. സുനിത വില്യംസ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഫാല്‍ഗുനി പറഞ്ഞു. കുടുംബവുമായി ധാരാളം സമയം സുനിതയ്ക്ക് ചെലവിടാനാകും എന്നും അവര്‍ പ്രതീക്ഷ പങ്കുവെച്ചു.
''സുനിത നമുക്ക് എല്ലാവര്‍ക്കും ഒരു മാതൃകയാണ്. സാഹചര്യങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് സുനിത. എല്ലാം നന്നായി നടക്കാന്‍ ഇടയാക്കിയതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും'' ഫാല്‍ഗുനി പാണ്ഡ്യ പറഞ്ഞു.
സുനിതയുടെ പൂര്‍വ്വികരുടെ ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടന്നിരുന്നു. ഗുജറാത്തില്‍നിന്നു യുഎസിലേക്ക് കുടിയേറിയ ഡോക്ടര്‍ ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയന്‍ വംശജ ബോണിയുടെയും മകളാണ് സുനിത.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.30നാണ് സുനിതയുള്‍പ്പെടെ നാലുപേരുടെ സംഘം ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഭൂമിയിലെത്തിയത്.
Key Words: Sunita Williams, ISS, India
COMMENTS