Opposition is against Chief minister
തിരുവനന്തപുരം: കേരളത്തിലെ ലഹരി വ്യാപനത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ വാക്കേറ്റം. `സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും' എന്ന വിഷയത്തില്‍ നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തല ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് സംബോധന ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. ഇടയ്ക്കിടെ ഇങ്ങനെ ചോദിച്ചാല്‍ പോരാ നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷം ഏറ്റെടുത്തു.
സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരാണ് അതിന് ഉത്തരവാദിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുവാക്കളുടെ ജീവിതത്തെ രാസലഹരി ഇല്ലാതാക്കുകയാണെന്നും യുവത്വം ഇല്ലാതാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ എക്‌സൈസ് നയം പുതുതലമുറയോടുള്ള ചതിയാണെന്നും മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനാണ് പുതിയ ബ്രൂവറി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് അണ്‍പാര്‍ലമെന്ററി അല്ലെന്നും നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ തനിക്ക് മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയം ഏറ്റെടുത്തു.
സംസ്ഥാനത്ത് ലഹരി വ്യാപകമാണെന്നും ലഹരി തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞ പ്രതിപക്ഷ നേതാവ് മിസ്റ്റര്‍ സിഎം എന്നാണ് ചെന്നിത്തല വിളിച്ചത്, അതിലെന്താണ് തെറ്റെന്ന് ചോദിച്ചു.
സംസ്ഥാനത്തെ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ആളിനോടുമാണ് ചോദ്യങ്ങള്‍ ചോദിച്ചത്. അതിന് ഉത്തരം പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ചെയ്തിട്ടുള്ളതുപോലെ എടോ ഗോപാലകൃഷ്ണന്‍ എന്നൊന്നും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയടിച്ച് പൊട്ടിച്ചതിന് രക്ഷാപ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എക്‌സൈസിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നു പറഞ്ഞ അദ്ദേഹം നിലവിലെ അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്നും ആവശ്യപ്പെട്ടു.
Keywords: Niyamasabha, Opposition, Ramesh Chennithala, V.D Satheesan
COMMENTS