തിരുവനന്തപുരം : മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി സ...
തിരുവനന്തപുരം : മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുൻപ് മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം എന്ന് ബി ജെ പി അന്നേ പറഞ്ഞിരുന്നു. ക്രൈസ്തവ സമൂഹത്തോട് വലിയ ചതിയാണ് സർക്കാർ കാണിച്ചത്. പ്രതിപക്ഷം ഇതിനു കൂട്ടു നിൽക്കുകയായിരുന്നു.
വഖഫ് വിഷയത്തിൽ ഉറച്ച നിലപാട് എടുത്ത ഒരേ ഒരു പാർട്ടി ബി ജെ പി ആണ്. പാലായിൽ കഴിഞ്ഞ ദിവസം ക്രൈസ്തവ ദേവാലയത്തിന് നേരെ അക്രമം നടന്നു. എന്നാൽ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ പ്രതികരിച്ചില്ല.
പി സി ജോർജിനെതിരെ കേസ് എടുത്ത സർക്കാർ പള്ളി ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുന്നില്ല. സർക്കാർ ഒരു വിഭാഗത്തെ മാത്രമാണ് ന്യുനപക്ഷമായി കാണുന്നത്. ക്രൈസ്തവരെ അവഗണിക്കുന്ന നിലപാടാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
ആശ വർക്കർമാർ 40 ദിവസമായി സമരം ചെയ്തിട്ടും സർക്കാർ അവഗണന തുടരുകയാണ്. സമരം പൊളിക്കാൻ ട്രെയിനിങ് വെച്ച് സർക്കാർ ആശമാരെ ദ്രോഹിക്കുകയാണ്. കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപെടാൻ സർക്കാർ ശ്രമിച്ചെങ്കിലും സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർന്നു തരിപ്പണമായിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല. എല്ലാ കേന്ദ്ര പദ്ധതികളും അവതാളത്തിലാണ്. സംസ്ഥാനത്തിനു സ്വന്തമായി ഒരു പദ്ധതി പോലുമില്ല. കേന്ദ്ര സഹായം കൊണ്ട് മാത്രമാണ് സംസ്ഥാനത്തു ട്രെഷറി ബാൻ ഇല്ലാതെ പോകുന്നത്. ഇത്രയും ജനവിരുദ്ധമായ ഒരു സർക്കാർ കേരളം ഭരിച്ചിട്ടില്ല. സംസ്ഥാനത്തു ഭയാനകമായ സാഹചര്യമാണുള്ളത്. കോളേജുകളിൽ എസ് എഫ് ഐ റാഗിംഗ് ഭീകരതയും ലഹരി മാഫിയയും കൊണ്ട് വിദ്യാർത്ഥികൾ പൊറുതിമുട്ടുകയാണ്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ ലഹരിയുടെ ഉറവിടമാവുകയാണ്. എല്ലാത്തിനും പിന്നിൽ എസ് എഫ് ഐ ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Key Words: Munambam Judicial Commission, K Surendran
COMMENTS