തിരുവനന്തപുരം : എമ്പുരാൻ സിനിമയുടെ പേരിൽ ഉണ്ടായ വിവാദങ്ങൾ തന്നെ വിഷമിപ്പിച്ചു എന്നും വിവാദരംഗങ്ങൾ ചിത്രത്തിൽ നിന്ന് ഉടൻ നീക്കുമെന്നും നടൻ മോ...
തിരുവനന്തപുരം : എമ്പുരാൻ സിനിമയുടെ പേരിൽ ഉണ്ടായ വിവാദങ്ങൾ തന്നെ വിഷമിപ്പിച്ചു എന്നും വിവാദരംഗങ്ങൾ ചിത്രത്തിൽ നിന്ന് ഉടൻ നീക്കുമെന്നും നടൻ മോഹൻലാൽ.
ഫേസ്ബുക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രം ഹിന്ദു വിരുദ്ധ അജണ്ടയോടെ നിർമ്മിച്ചതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് മോഹൻലാൽ ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
 മോഹൻലാലിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം: 
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക്  ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ 
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ  ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. 
കഴിഞ്ഞ നാല് പതിറ്റാണ്ട്  നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...
സ്നേഹപൂർവ്വം മോഹൻലാൽ
#L2E #Empuraan
 

 
							     
							     
							     
							    
 
 
 
 
 
COMMENTS