India beat Australia by four wickets to reach Champions Trophy final. This is India's third consecutive final in the Champions Trophy
ദുബായ്: ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനുള്ള പകരം വീട്ടല്‍ കൂടിയായി ഇന്ത്യയുടെ ഈ ജയം.
സ്‌കോര്‍ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 264 റണ്‍സ് ലക്ഷ്യം ഇന്ത്യ 11 പന്തുകള്‍ ബാക്കി നില്‌ക്കെയാണ് മറികടന്നത്. 84 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണായത്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അങ്ങനെ ടീം സ്പിരിറ്റിന്റെ കളിയായി സെമി മാറുകയും ചെയ്തു.
കോലി മടങ്ങിയതിനു ശേഷം രാഹുലും (35) ഹാര്‍ദ്ദിക് പാണ്ഡ്യയും (28) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയത്തിനരികെ പാണ്ഡ്യ വീണെങ്കിലും. രാഹുല്‍ (34 പന്തില്‍ 42) ഫൈനല്‍ പ്രവേശം അനായാസമാക്കി.
ന്യൂസിലാന്‍ഡ്-ദക്ഷിണാഫ്രിക്ക സെമിയിലെ വിജയികളായിരിക്കും ഞായറാഴ്ച ഫൈനലില്‍ ഇന്ത്യയെ നേരിടുക. ഇന്ത്യ ഫൈനലില്‍ എത്തിയതോടെ മത്സരം ദുബായിലായിരിക്കുമെന്നും ഉറപ്പായി.
73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് കങ്കാരുക്കളുടെ ടോപ് സ്‌കോറര്‍. 57 പന്തില്‍ 61 റണ്‍സെടുത്ത അലക്‌സ് കാരിയാണ് ഓസ്‌ട്രേലിയയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.
49.3 ഓവറില്‍ 264 റണ്‍സിന് ഓസ്‌ട്രേലിയ എല്ലാവരും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നാം ഓവറില്‍ തന്നെ ഓസീസിന് ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ കത്തിക്കയറാന്‍ തുടങ്ങിയ ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ രണ്ടു സിക്സും അഞ്ച് ഫോറും സഹിതം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.
36 പന്തില്‍ 29 റണ്‍സെടുത്ത ലബുഷെയ്‌നിനെ പിന്നാലെ ജഡേജ മടക്കി. തകര്‍ത്തടിച്ചുതുടങ്ങിയ ജോഷ് ഇംഗ്‌ളിസിനെ ജഡേജ പുറത്താക്കി. സിക്‌സറടിച്ചു തുടങ്ങിയ ഗ്ലെന്‍ മാക്‌സ്വെല്ലിനെ (7) അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കി.
57 പന്തില്‍ 61 റണ്‍സെടുത്ത കാരി എട്ട് ഫോറും ഒരു സിക്‌സും നേടി. ശ്രേയസ് അയ്യരാണ് കാരിയെ റണ്ണൗട്ടാക്കിയത്. വാലറ്റത്ത് എല്ലിസിനെ ഷമിയും സാംപയെ ഹര്‍ദ്ദിക് പാണ്ഡ്യയും പുറത്താക്കി ഓസീസ് ഇന്നിംഗ്‌സിനു തിരശ്ശീലയിട്ടു.
COMMENTS