വത്തിക്കാന്‍ സിറ്റി : കടുത്ത ശ്വാസ തടസ്സത്തെത്തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ഒരു മാസത്തിലധികം ചികിത്സയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാ...
വത്തിക്കാന്‍ സിറ്റി : കടുത്ത ശ്വാസ തടസ്സത്തെത്തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ഒരു മാസത്തിലധികം ചികിത്സയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി 14നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ രോഗം മൂര്‍ഛിച്ചതിനെക്കുറിച്ചും മരണം സംഭവിക്കുമോ എന്ന് ഭയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തില്‍ ചികിത്സ അവസാനിപ്പിക്കാന്‍ ആലോചിച്ചെന്നും ജമേലി ആശുപത്രിയിലെ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് മാര്‍പാപ്പയുടെ ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നിയെന്നും സെര്‍ജിയോ പറയുന്നു.
'' മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ പോകാന്‍ അനുവദിക്കുക അല്ലെങ്കില്‍ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. എല്ലാ ശ്രമങ്ങളും നടത്തുക, പിന്മാറരുത് എന്ന അദ്ദേഹത്തിന്റെ വ്യക്തിഗത നഴ്‌സ് മാസിമിലിയാനോ സ്റ്റ്രാപ്പെറ്റിയുടെ സന്ദേശത്തെ തുടര്‍ന്ന് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും മജ്ജയ്ക്കും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ മുന്നോട്ട് പോയി, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു, ശ്വാസകോശ അണുബാധ കുറഞ്ഞു,' ഡോ. സെര്‍ജിയോ വെളിപ്പെടുത്തിയതിങ്ങനെ.
ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് 2 മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Key Words: Pope Francis, Marpappa
COMMENTS